വെള്ളവും ഭക്ഷണവുമില്ല; ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ ജീവനെടുക്കുന്നു; 48 മണിക്കൂറില്‍ മരിച്ചത് ഒന്‍പത് പേര്‍

ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9 പേര്‍. മതിയായ വെള്ളവും ഭക്ഷണവും ലഭിക്കാത്ത യാത്രയാണ് ശ്രമിക് ട്രെയിനില്‍ റെയില്‍വേ നല്‍കുന്നത്.

ബീഹാര്‍ മുസഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച് പ്ലാറ്റ്‌ഫോമില്‍ കിടത്തിയ സ്വന്തം അമ്മയെ ഉണര്‍ത്താന്‍ നോക്കുന്ന പിഞ്ചു മകന്റെ കാഴ്ച രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നതായിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ശ്രമിക് ട്രെയിനില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ആയിരുന്നു ഗുജറാത്തില്‍ നിന്നും ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ അര്‍വിനാ കത്തൂന്‍ എന്ന സ്ത്രീയുടെ മരണം. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും ശ്രമിക് ട്രെയിനുകള്‍ അതിഥി തൊഴിലാളികള്‍ക്ക് മരണ വണ്ടിയാകുന്നു എന്നും വ്യക്തമാകുന്നതാണ് ഒടുവിലെ കണക്ക്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശ് – ബിഹാര്‍, ബിഹാര്‍ – യു പി റൂട്ടുകളിലെ ശ്രമിക് ട്രെയിനുകളില്‍ മാത്രം 9 മരണങ്ങള്‍ ആണ് സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ സ്വന്തം നാടുകളിലേക്ക് ഉള്ള യാത്രയ്ക്കിടെ മരിച്ചത് 5 പേര്‍. ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചതാകട്ടെ 4 പേരും. മരണങ്ങള്‍ ഏറെയും ഭക്ഷണവും വെള്ളവും ലഭിക്കാതെ.

ട്രെയിനകത്ത് മതിയായ വെള്ളം ഭക്ഷണം പരിചരണം ഒന്നും അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മരണ കണക്ക്. എന്നാല്‍ മരിച്ചവര്‍ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിശദീകരണം. ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നതിലെ അശാസ്ത്രീയതായാണ് ഈ ദുരിതങ്ങള്‍ ഇരട്ടിയാക്കുന്നത്.

ശ്രമിക് ട്രെയിനുകള്‍ക്ക് അത് എത്തി ചേരുന്ന സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നാണ് പുതിയ കേന്ദ്ര മാര്‍ഗ നിര്‍ദേശം. എത്തി ചേരേണ്ട സംസ്ഥാനങ്ങള്‍ക്ക് മതിയായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇത് പ്രതിസന്ധിയാകുന്നുണ്ട്.

യാത്രക്കാര്‍ എത്തി ചേരുമ്പോള്‍ അവരെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലും സംസ്ഥാനങ്ങള്‍ക്ക് പറ്റാത്ത സാഹചര്യം. ഒരു പക്ഷെ കൃത്യമായി സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കത്തിന് സമയം ലഭിച്ചിരുന്നെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് അവര്‍ എത്തിച്ചേരേണ്ട സ്ഥലത്ത് എങ്കിലും പെട്ടെന്ന് ചികിത്സ ഏര്‍പ്പടക്കാനും ജീവനുകള്‍ രക്ഷിക്കാനും സാധിക്കുമായിരുന്നു.

പാസഞ്ചര്‍ തീവണ്ടി ഓടിക്കുന്നത് പോലെയാണ് കേന്ദ്രം ശ്രമിക് ട്രെയിനുകളെ കാണുന്നത്. ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ കൊടും ചൂടില്‍ തെരുവില്‍ കഴിയേണ്ടി വന്നവരാണ് യാത്ര ചെയ്യാന്‍ എത്തുന്ന തൊഴിലാളികള്‍ എന്ന ബോധ്യത്തോടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇനിയെങ്കിലും റെയില്‍വേ തയ്യാറാകണം എന്ന് ഓര്‍മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News