കാശ്മീരിലെ പുല്‍വാമയില്‍ കാര്‍ബോംബ് സ്‌ഫോടന ശ്രമം സൈന്യം തകര്‍ത്തു

കാശ്മീരിലെ പുല്‍വാമയില്‍ കാര്‍ബോംബ് സ്‌ഫോടന ശ്രമം തകര്‍ത്തു സൈന്യം. ഇരുപത് കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പുല്‍വാമയില്‍ എത്തിയ കാര്‍ സൈന്യം പിടികൂടി. നിയന്ത്രിത സ്‌ഫോടനം നടത്തി കാര്‍ തകര്‍ത്തു. കാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു.

2019 ഫെബ്രുവരി പതിനാലിന് നാല്‍പ്പത് സൈനീകരുടെ ജീവനെടുത്ത സ്‌ഫോടന മാതൃകയില്‍ കാര്‍ ബോംബ് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജമ്മു പോലീസും സൈന്യവും അര്‍ദ്ധസൈനീക വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാര്‍ സഞ്ചരിക്കുന്ന വഴി കണ്ടെത്തി.

വെള്ള ഹൂഡായി സാന്‍ട്രോ കാര്‍, വ്യാജ നമ്പര്‍ പ്ലേറ്റ്.ബുധനാഴ്ച്ച രാത്രിയോടെ പുല്‍വാമയിലെ സൈനീക ചെക്‌പോസ്റ്റിന് സമീപം എത്തിയ കാര്‍ നിറുത്താതെ ബാരിക്കേഡും തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചതോടെ സൈന്യം വെടിവച്ചിട്ടു. വെടിവയ്പ്പിനിടയിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. 20 കിലോ സ്‌ഫോടക വസ്തുക്കള്‍ കാറിലുണ്ടായിരുന്നു. അതീവ സ്‌ഫോടക ശേഷിയുള്ള കാര്‍ സ്ഥലത്ത് നിന്നും നീക്കുന്നത് അപകടമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. പുലര്‍ച്ചയോടെ ബോംബ് നിര്‍വീര്യമാക്കല്‍ സ്വക്ക്വാഡിന്റെ നേതൃത്വത്തില്‍ കാര്‍ അവിടെ ഇട്ടു പൊട്ടിച്ചു. ഡ്രോണ്‍ വഴി പകര്‍ത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel