കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്‍റെ ഈ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ ഫീസ് കുത്തനെ കൂട്ടി പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും പിഴിഞ്ഞുകളയുമെന്ന നില സ്വീകരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കിലും വ്യക്തമാകും. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് മരണമുണ്ടായത് കേരളത്തിലാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കുള്ള മറുപടിയിൽ പറഞ്ഞു.

(വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്‍റെ ഈ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്‍റെ പേരില്‍ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാകാം- അതില്‍ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നടക്കം വന്നിട്ടുള്ളൂ.)

പ്രതിസന്ധി ഘട്ടത്തിൽ ചില സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടുന്നുണ്ട്. ഒരു സ്കൂളിലും ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, പിഴിഞ്ഞുകളയുമെന്ന നില സ്കൂളുകൾ സ്വീകരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആദ്യദിവസം 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ സേവനം ഉപയോഗപ്പെടുത്തിയത്. ആദ്യദിവസമുണ്ടായ ചില സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകും.

വ്യാജആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കാണുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുക്കും. കൊവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നടപടി എടുക്കും.

കൊവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്താനും സർക്കാർ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News