കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിനെ വിമർശിച്ച ഹൈക്കോടതി ബെഞ്ചിൽ മാറ്റം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. വിമർശനം ഉന്നയിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇലേഷ് വോറയെ ഒഴിവാക്കി. മുൻപ് കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് പർദിവാല ബഞ്ച് അംഗമായി തുടരും.
ബെഞ്ച് മാറ്റത്തിൽ അതൃപ്തി അറിയിച്ച് സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും ചീഫ് ജസ്റ്റിസിന് കത്തയച്ചു. ചീഫ് ജസ്റ്റിസ് നാട്ടിൽ പോയതിനാൽ താൽക്കാലികമായാണ് മറ്റൊരു ബഞ്ച് കേസ് പരിഗണിച്ചതെന്നാണ് വിശദീകരണം.
കൊവിഡ് പ്രതിരോധത്തിൽ ഗുജറാത്ത് സർക്കാർ വരുത്തിയ വീഴ്ചകളെ കണക്കറ്റ് കുറ്റപ്പെടുത്തുന്നതായിരുന്നു മെയ് 22 ലെ ഗുജറാത്ത് ഹൈക്കോടതി പരാമർശങ്ങൾ. ആശുപത്രി സാഹചര്യങ്ങൾ തടവറകളേക്കാൾ മോശമാണെന്ന് കുറ്റപ്പെടുത്തിയ കോടതി സംസ്ഥാന ആരോഗ്യ മന്ത്രിക്കെതിരെയും വിമർശനം ഉന്നയിച്ചു.
സ്വമേധയാ എടുത്ത പൊതു താൽപര്യ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ്മാരായ ജെ ബി പർദിവാല, ഇലേഷ് വോറ എന്നിവർ അടങ്ങിയ ബെഞ്ചായിരുന്നു വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ ഘടനയിൽ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയത്. ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പർദിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ കേസ് തുടർന്ന് പരിഗണിക്കുക.
മുൻപ് കേസ് പരിഗണിച്ച ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ഇലേഷ് വോറയെ ഒഴിവാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നതോടെ നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പർദിവാല ബെഞ്ചിലെ ജൂനിയർ ജഡ്ജായി മാറി. ബഞ്ച് മാറ്റത്തിന് എതിരെ അൻപതോളം സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും രംഗത്തെത്തി. അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചു.
പഴയ ബെഞ്ചിനെ തന്നെ കേസ് കേൾക്കാൻ അനുവദിക്കണം. കേസിന്റെ തുടർച്ചയ്ക്ക് ഇത് അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അവധി കഴിഞ്ഞു വന്ന ശേഷം ചീഫ് ജസ്റ്റിസ് സിംഗിൾ ബഞ്ച് ഇരുന്നത് കേസുകളുടെ തുടർച്ച ഉറപ്പാക്കാൻ ആയിരുന്നു. ആ മാതൃക തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബഞ്ച് മാറ്റത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ഹൈക്കോടതി വൃത്തങ്ങളുടെ നിലപാട്. കോവിഡ് പ്രതിരോധം , ലോക്ക് ഡൗൺ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസുകൾ മാർച്ച് 13 മുതൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേട്ടത്. ചീഫ് ജസ്റ്റിസ് സ്വന്തം നാടായ പ്രയാഗ് രാജിലേക്ക് അവധിക്ക് പോയതിനാലാണ് പുതിയ ബെഞ്ചിന് കേസുകൾ കേൾക്കാൻ ചുമതലപ്പെടുത്തിയത്.
അവധി കഴിഞ്ഞ് ചീഫ് ജസ്റ്റിസ് തിരികെ എത്തിയതിനാൽ കൊവിഡ് പ്രതിരോധം, ലോക്ക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ തുടർന്ന് കേൾക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഹൈക്കോടതി വൃത്തങ്ങൾ വിശദീകരിച്ചു.

Get real time update about this post categories directly on your device, subscribe now.