ദുബായിൽ നിന്നെത്തി ഹോട്ടലിൽ ക്വാറന്റെയിനിലായിരുന്ന ഗർഭിണിക്കു ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്ന‌് ഗർഭസ്ഥ ശിശു മരിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായ ആദ്യ വിമാനത്തിൽ ദുബായിൽ നിന്നെത്തി മംഗളൂരുവിൽ ഹോട്ടലിൽ കഴിഞ്ഞ യുവതിക്കാണ‌് അധികൃതരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ‌്ടപ്പെട്ടത‌്.
കഴിഞ്ഞ 12 നാണ‌് പ്രസവത്തിനായി ഇവർ നാട്ടിലെത്തിയത്. തുടർന്ന‌് ഒന്നാം ഘട്ട കോവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്നു സ്ഥിരീകരിച്ചു. ക്വാറെന്റെയിനിൽ കഴിയുന്നവർക്ക‌് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ‌് ജില്ലാ ഭരണകൂടം അവകാശപ്പെട്ടത‌്.
എന്നാൽ അസ്വസ്ഥതയെ തുടർന്ന‌് മൂന്ന‌് തവണ വിളിച്ച ശേഷമാണു ഡോക്ടർ എത്തിയത്. രക്തസമ്മർദം പരിശോധിക്കാനുള്ള ഉപകരണം പോലുമില്ലാതെയാണ‌് ചികിത്സക്കാനായി എത്തിയത‌്.
ആദ്യ പരിശോധന ഫലം നെഗറ്റീവായതോടെ ഇവരെ കദ്രി ശിവബാഗിലെ അപ്പാർട്ടുമെന്റിൽ കോറെന്റെയിൻ ചെയ്യാൻ ശ്രമിച്ചെങ്കിലും അവിടുത്തെ താമസക്കാരും നിലവിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു.
പതിനാല‌് ദിവസത്തെ ക്വാറന്റെയിൻ കഴിഞ്ഞ‌് ബുധനാഴ‌്ച സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ‌് കുഞ്ഞ് ഗർഭാശയത്തിൽ മരിച്ചതായി അറിയിച്ചത‌്.
നേരത്തെ ചികിത്സിക്കാമെന്ന് ഉറപ്പ‌് നൽകിയ ഡോക്ടറും ക്വാറന്റൈൻ കഴിയാതെ ചികിത്സിക്കില്ലെന്നു നിലപാട‌് എടുത്തതും ഇവരെ ബുദ്ധിമുട്ടിലാക്കി.

Get real time update about this post categories directly on your device, subscribe now.