സമ്പൂര്‍ണ്ണ പണ്ഡിതനായ രാഷ്ട്രീയനേതാവ്- എം പി വീരേന്ദ്രകുമാറിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

എം പി വീരേന്ദ്രകുമാര്‍ എന്ന വ്യക്തിയെ അപഗ്രഥിമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ നോക്കുക എന്നിലേയ്ക്ക് തന്നെയാണ്. സമൂഹത്തെ നോക്കിക്കാണാനുള്ള എന്റെ ജാലകക്കൂടിന് അലകും പിടിയും സമ്മാനിച്ച വ്യക്തികളില്‍ ഒരാളാണ് വീരേന്ദ്രകുമാര്‍.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജില്‍ കാലുകുത്തിയപ്പോഴാണ് വീരേന്ദ്രകുമാര്‍ എന്ന വാഗ്മിയുടെ ചിന്താശകലങ്ങള്‍ എന്റെ മനസ്സിനെ സ്വാധീനിച്ചു തുടങ്ങിയത്. യുക്തിയും ഉള്‍ക്കാഴ്ച്ചയും നര്‍മ്മവും ചേര്‍ന്ന് ഉദ്ധരണികളുടെ ചാലിലൂടെ അനര്‍ഗ്ഗളമായി ഒഴികിയെത്തുന്ന പ്രതിപാദനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ആ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പലപ്പോഴും കിലോമീറ്ററുകള്‍ നടന്നിട്ടുണ്ട്. നമുക്ക് മുന്നിലിടുന്ന ചിന്തയുടെ നറുക്കിലയില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് അദ്ദേഹം വിളമ്പുക. പരിസരവും രാജ്യവും ലോകവുമൊക്കെ ഇഴകലര്‍ന്ന് കടന്നുവരും. ജനാധിപത്യത്തിന്റെയും സോഷിലിസത്തിന്റെയും ജൈവപരമായ ഈ പ്രബോധനങ്ങളൊക്കെ എന്റെ തലമുറയില്‍പെട്ടവരെ കാര്യമായി സ്വാധീനിച്ചിരുന്നു.

ആകസ്മികതകളും അവിചാരിതകളുമാണ് പലപ്പോഴും നമ്മുടെ ജീവിതഗതിയെ നിര്‍ണ്ണയിക്കുക. മാധ്യമ ലോകത്തേക്കുള്ള എന്റെ വരവിനു പിന്നിലും ഇതൊക്കെ തന്നെയായിരുന്നു കാരണം. വീരേന്ദ്രകുമാറിനെ പോലുള്ള വ്യക്തികളെ അടുത്തറിയാന്‍, നമ്മുടെ പരിസരത്തെയും സമൂഹത്തെയും മനസ്സിലാക്കാന്‍ ഈ തൊഴില്‍ പ്രചോദനമായെന്ന് തറപ്പിച്ചു പറയാം. പ്രായത്തിന്റെയും അറിവിന്റെയും സ്ഥാനത്തിന്റെയുമൊക്കെ വ്യത്യാസങ്ങള്‍ പലപ്പോഴും നികത്താനാകാത്ത വിടവുകളായി പരിണമിക്കാറുണ്ട്. എന്നാല്‍ അത്തരം വ്യത്യാസങ്ങള്‍ ഒരിക്കലും തന്റെ സംവാദ-സംവേദന പ്രതലങ്ങളെ സ്വാധീനിക്കാന്‍ അനുവദിച്ചില്ല എന്നതാണ് വീരേന്ദ്രകുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതൊരു വ്യക്തിയുമായും വിമ്മിഷ്ടമില്ലാതെ സംവദിക്കാനും പരിസരത്തെ നിരീക്ഷിക്കാനുമുള്ള അപാരമായ കഴിവ് അദ്ദേഹത്തില്‍ കുടികൊള്ളുന്നുണ്ടായിരുന്നു. ഓരോ കൂടിക്കാഴ്ച്ച കഴിയുമ്പോഴും എന്റെ മനസ്സില്‍ അദ്ദേഹത്തിന് നല്‍കിയിട്ടുള്ള സ്ഥാനത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചുവരാനുള്ള കാരണവും ഇതു തന്നെയാണ്. ഏതെങ്കിലും ഒരു രംഗത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവ് കുറവാണെന്ന് നമ്മള്‍ സന്ദേഹിക്കുമ്പോള്‍ ആ മേഖലയെകുറിച്ച് പ്രോജ്ജ്വലമായി സംസാരിച്ച് നമ്മളെ അമ്പരപ്പിച്ചു കളയുമായിരുന്നു.

ഞാന്‍ എന്നുള്ള മാധ്യമപ്രവര്‍ത്തകനെ ഏതെങ്കിലും തരത്തില്‍ ഗൗനിക്കേണ്ട കാര്യം വീരേന്ദ്രകുമാറിനില്ല. അത്രത്തോളം അന്തരം ഞങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ പിതൃതുല്യമായ സ്‌നേഹത്തോടെയാണ് അദ്ദേഹം എപ്പോഴും പെരുമാറിയിട്ടുള്ളത്. ഒരു കാര്യത്തെക്കുറിച്ചുള്ള വിവരം സ്വാംശീകരിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ജിജ്ഞാസ അത്ഭുതകരമാണ്. വെറുതെയൊരു യാത്രക്കിറങ്ങിയാല്‍ തന്നെ അറിവിന്റെയും ഉള്‍ക്കാഴ്ച്ചയുടെയും പളുങ്കുമണികളുമായിട്ടാണ് അദ്ദേഹം മടങ്ങിയെത്താറുള്ളത്. നമ്മള്‍ കാണുന്നത് കല്‍ക്കരി തുണ്ടാണെങ്കില്‍ വീരേന്ദ്രകുമാര്‍ കണ്ടെടുക്കുന്നത് വജ്രകണികകളാണ്.

പിന്‍കാഴ്ച്ച, ഉള്‍ക്കാഴ്ച്ച, ദൂരക്കാഴ്ച്ച എന്നിങ്ങനെ കാഴ്ച്ചകളുടെ സമന്വയമാണ് ഒരു വ്യക്തിയുടെ ധിഷണയുടെ ആഴത്തെ യഥാര്‍ത്ഥത്തില്‍ നിര്‍ണയിക്കുന്നത്. സാമൂഹിക വീക്ഷണത്തിന്റെയും ദര്‍ശനത്തിന്റെയും അടിത്തറയില്‍ ഈ കാഴ്ചകളെ സമന്വയിപ്പിക്കാന്‍ കഴിയുമ്പോള്‍ മഹാപ്രതിഭകള്‍ ഉദയം കൊള്ളുന്നു. രാഷ്ട്രീയക്കാരിലെ സമ്പൂര്‍ണ്ണപണ്ഡിതന്‍ എന്നുള്ള പദവിയിലേക്ക് വീരേന്ദ്രകുമാര്‍ എടുത്ത് ഉയര്‍ത്തപ്പെടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. വയനാട്ടിലെ കല്‍പ്പറ്റയില്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം കൈരളി ടിവി ഒരു അവാര്‍ഡ് പരിപാടി സംഘടിപ്പിച്ചിരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് ഡോക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്. കേരളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അദ്ധ്യക്ഷനായ ഈ ചടങ്ങില്‍ വീരേന്ദ്രകുമാര്‍ തന്നെയായിരുന്നു ഞങ്ങളുടെ മുഖ്യാതിഥി. അകലെ നിന്നും അടുത്തു നിന്നും ഞാന്‍ നോക്കി കണ്ട വീരേന്ദ്രകുമാറിനെ ഞാന്‍ എന്റെ ചെറുപ്രസംഗത്തില്‍ പരിചയപ്പെടുത്തിയപ്പോള്‍ സദസ്സ് അത് സഹര്‍ഷം സ്വീകരിച്ചു. ഞാന്‍ തുടങ്ങിവച്ചതിനെ പൂരിപ്പിക്കാന്‍ എന്നോണം തന്നിലും സമൂഹത്തിലും വീരേന്ദ്രകുമാര്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ മമ്മൂട്ടി എടുത്തുനിരത്തുകയും ചെയ്തു.

വീരേന്ദ്രകുമാറിലെ ദീര്‍ഘദര്‍ശിയെ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതി. ഇന്നത്തെ ആഗോള രാഷ്ട്രീയ സാമ്പത്തിക ക്രമത്തെക്കുറിച്ച് വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം സവിസ്തരം എഴുതിയിട്ടുണ്ട്. ഉരുത്തിരിയാന്‍ പോകുന്ന ലോകക്രമത്തിന്റെ ഏടുകളെക്കുറിച്ചുള്ള പ്രവചനം തന്നെയായിരുന്നു ‘ഗാട്ടും കാണാച്ചരടുകളും’ എന്ന കൃതി. ലോകം കാണാന്‍ പോകുന്ന ബയോടെക് വിപ്ലവത്തെക്കുറിച്ച് അദ്ദേഹം ആ പുസ്തകത്തില്‍ എഴുതിവച്ച കാര്യങ്ങള്‍ എന്റെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. ബയോടെക്‌നോളജിയുടെ അനന്തസാധ്യതകളില്‍ ലോകം അഭിരമിക്കുമ്പോഴും നൈതികമായ വ്യവഹാരത്തിന് മനുഷ്യനേയും പ്രകൃതിയേയും കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള വികസനമാര്‍ഗ്ഗം വേണമെന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ വീരേന്ദ്രകുമാര്‍ ശഠിക്കുന്നുണ്ട്. ലോകത്തിന്റെ ഗതിവിഗതികള്‍ നിരീക്ഷിച്ചുകൊണ്ട് ഇന്ന് പലരും ആവശ്യപ്പെടുന്നതും ഇത് തന്നെ. ലോകത്ത് രണ്ടു വിപ്ലവങ്ങളാണ് വീശിയടിക്കുന്നത്; ഇന്‍ഫോടെക്ക്ബയോടെക്ക് വിപ്ലവങ്ങള്‍. ഇതിനെ ഇതിവൃത്തമാക്കിക്കൊണ്ടുള്ള നോവ ഹരാരിയുടെ ’21 പാഠങ്ങള്‍ 21-ാം നൂറ്റാണ്ടിനായി ‘ എന്ന പ്രശസ്തമായ പുസ്തകം വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് വീരേന്ദ്രകുമാര്‍ എഴുതിയ വരികളാണ്.

ഇന്ത്യയില്‍ തലപൊക്കാന്‍ പോകുന്ന ഹിന്ദുത്വഫാസിസത്തെക്കുറിച്ച് രണ്ടരപതിറ്റാണ്ടുകള്‍ക്കുമുമ്പ് വീരേന്ദ്രകുമാര്‍ പ്രവാചകചിന്തയോടെ കോറിയിട്ടിട്ടുണ്ട്. ആധുനിക ഇന്ത്യ ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് വര്‍ഗ്ഗീയതയാണെന്ന് അദ്ദേഹം അസന്നിഗ്ധമായി രേഖപ്പെടുത്തിയ ”രാമന്റെ ദുഃഖം” എന്ന പുസ്തകം ഇന്നും പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ ചരിത്രവും പൈതൃകവും ലളിതമായി പ്രതിപാദിച്ച് എങ്ങനെയൊക്കെയായിരിക്കും വ്യാജനിര്‍മ്മിതികള്‍ ഉണ്ടാകാന്‍ പോവുകയെന്ന് അദ്ദേഹം അന്നുതന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ”ഔറംഗസീബിന്റെ ധനകാര്യമന്ത്രി രാഗനാദ് എന്നൊരു ഹിന്ദുവായിരുന്നു” എന്ന ഒരൊറ്റ വരിയിലൂടെ അദ്ദേഹം മുസ്ലീം ഭരണാധികാരികളെ ദേശദ്രോഹികളാക്കാന്‍ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുന്നുണ്ട്.

ഹിന്ദുത്വഫാസിസം ഏറ്റവും കൂടുതല്‍ പിന്നീട് അപകീര്‍ത്തിപ്പെടുത്തിയ നെഹ്‌റുവിന്റെ തന്നെ പഴയ വാക്കുകളെ ഉദ്ധരണികളാക്കി ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധിയെ അദ്ദേഹം വരച്ചുകാട്ടി. ”ഇന്ത്യയില്‍ മുസ്ലീം വര്‍ഗ്ഗീയത ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. മുസ്ലീം വര്‍ഗ്ഗീയത മുസ്ലീങ്ങള്‍ക്കിടയില്‍ ശക്തവും എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഹൈന്ദവ വര്‍ഗ്ഗീയതയേക്കാള്‍ അപകടകരമാണെന്നതിനോടും ഞാന്‍ ഒരളവുവരെ യോജിക്കുന്നു. എന്നാല്‍ മുസ്ലീം വര്‍ഗ്ഗീയതക്ക് ഒരിക്കലും ഇന്ത്യന്‍ സമുഹത്തില്‍ ആധിപത്യം സ്ഥാപിക്കാനോ ഇവിടെ ഫാസിസം കൊണ്ടുവരാനോ കഴിയില്ല. ഹൈന്ദവ വര്‍ഗ്ഗീയതക്കേ അതിനു കഴിയൂ ‘ നെഹ്‌റുവിന്റെ പഴയ ഒരു കത്തിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ കിനാവളളികണക്കെ വരിഞ്ഞുമുറുക്കുന്ന അപകടത്തിലേക്കാണ് വീരേന്ദ്രകുമാര്‍ വെളിച്ചം വീശിയത്.

ആത്മീയ ഇന്ത്യയുടെ ഏറ്റവും സുവര്‍ണ്ണ ഏടുകളില്‍ ഒന്നായ വിവേകാനന്ദസ്വാമിയെക്കുറിച്ച് വീരേന്ദ്രകുമാര്‍ എഴുതിയ ബൃഹത് ഗ്രന്ഥം വേറിട്ടു നില്‍ക്കുന്ന കൃതിയാണ്. വിവേകാനന്ദനോട് വീരേന്ദ്രകുമാര്‍ അവലംബിക്കുന്ന സമീപനത്തിന് കാലികരാഷ്ട്രീയത്തില്‍ വളരെയേറെ പ്രസക്തിയുണ്ട്. ഇന്നത്തെ രാഷ്ട്രീയ ഇന്ത്യയല്ല വിവേകാനന്ദന്റെ ഇന്ത്യ എന്ന് അദ്ദേഹം ചരിത്ര വസ്തുതകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. മഹദ് വ്യക്തികളെ വര്‍ഗ്ഗീയ ചട്ടക്കൂടിലേക്ക് മാറ്റാന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് വജ്രമൂര്‍ച്ചയോടെ വിവേകാനന്ദന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ അദ്ദേഹം ഈ പുസ്തകത്തില്‍ വരച്ചുകാട്ടുന്നത്. ആധുനിക, സോഷ്യലിസ്റ്റ്, പുരോഗമന ആശയക്കാരനായ സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്ത്രീകളുടെയും അയിത്ത ജാതിക്കാരുടെയും ഉന്നമനത്തിന് വേണ്ടി യജ്ഞിച്ച വിപ്ലവകാരി…. എന്നിങ്ങനെ സ്വാമിയുടെ വൈവിദ്ധ്യമാര്‍ന്ന പ്രതേകതകളെയാണ് അദ്ദേഹം അനാവരണം ചെയ്തത്. വിവേകാനന്ദസ്വാമിയുടെ വിപ്ലവകാരിയായ സഹോദരന്‍ ഭൂപേന്ദ്രനാഥ് ദത്തയ്ക്കു വേണ്ടി രണ്ട് അദ്ധ്യായങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മാറ്റിവച്ചിട്ടുണ്ട്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ ആവേശം കൊണ്ട ഭൂപേന്ദ്രനാഥും ലെനിനും തമ്മില്‍ നടന്ന ആശയവിനിവയത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ശ്രദ്ധേയമാണ്.

അറിവിന്റെ ഏതൊരു ധാരയും ഉള്‍ക്കൊള്ളാന്‍ ഉള്‍ക്കടമായ ഒരു ഉത്‌സാഹം വീരേന്ദ്രകുമാറില്‍ കുടികൊണ്ടിരുന്നു. അതേസമയം മാനവികതയുടെ അടിത്തറയിലാണ് തന്റെ വീക്ഷണങ്ങളേയും നിരീക്ഷണങ്ങളേയും അദ്ദേഹം അപഗ്രഥിച്ചെടുത്തത്. ഒരു രാഷ്ട്രീയക്കാരനപ്പുറത്ത് ധിഷണയുടെയും പാണ്ഡിത്യത്തിന്റെയും അനന്തമായ പന്ഥാവുകളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഭ്രമണപഥങ്ങള്‍ ഇനിയും നമ്മളെ നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News