കൊവിഡ്: തെലങ്കാന സ്വദേശി മരിച്ചതിന് പിന്നില്‍ റെയില്‍വേയുടെ കടുത്ത അനാസ്ഥ

തിരുവനന്തപുരം: രാജസ്ഥാനില്‍നിന്നും ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്തെത്തി തെലങ്കാന സ്വദേശി മരിച്ചതിന് പിന്നില്‍ റെയില്‍വേയുടെ കടുത്ത അനാസ്ഥ.

ജയ്പുരില്‍നിന്ന് പ്രത്യേക ട്രെയിനില്‍ മെയ് 22നാണ് തലസ്ഥാനത്ത് മരിച്ച അഞ്ജയ്(68) കേരളത്തിലെത്തിയത്. ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പം തെലങ്കാനയിലേക്ക് പോകാനാണ് ഇദ്ദേഹം ജയ്പുര്‍ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനില്‍ ഒരു പരിശോധനയും നടത്തിയില്ല. തെലങ്കാനയിലേക്ക് പോകാനുള്ള പാസും നല്‍കിയില്ല.

ട്രെയിന്‍ മാറിക്കയറിയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ട്രെയിന്‍ വഴി വരുന്നവരുടെ വിവരം നല്‍കണമെന്ന് റെയില്‍വേയോട് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍, മതിയായ പരിശോധന നടത്താതെ ആളെ കയറ്റിയ റെയില്‍വേയുടെ അനാസ്ഥയാണ് അഞ്ജയും കുടുംബവും തെലങ്കാനയ്ക്ക് പകരം തിരുവനന്തപുരത്തെത്താന്‍ ഇടയാക്കിയത്.

റെയില്‍വേ സ്റ്റേഷനില്‍ കേരളം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാവരെയും പൂജപ്പുര ഐസിഎംഎല്ലില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച മരിച്ചു. വ്യാഴാഴ്ച ലഭിച്ച പരിശോധനാഫലം പോസിറ്റീവാണ്.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ച് മൃതദേഹം തെലങ്കാനയിലേക്ക് കൊണ്ടു പോകാനാകില്ല. മതാചാരങ്ങള്‍ പാലിച്ച് ഇവിടെ സംസ്‌കരിക്കും. ഭാര്യയും മക്കളും കുടുംബാംഗങ്ങളും പൂജപ്പുരയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News