കൊവിഡ് രോഗികളുടെ രക്ത സാമ്പിള്‍ തട്ടിയെടുത്ത് കുരങ്ങന്‍മാര്‍

ദില്ലി: കൊവിഡ് വാര്‍ഡില്‍ ചികിത്സയിലിരുന്ന രോഗികളുടെ രക്ത സാമ്പിള്‍ തട്ടിയെടുത്ത് കുരങ്ങന്‍മാര്‍. സംഭവം ഉത്തര്‍പ്രദേശിലെ ലാല ലജ്പത് റായി മെഡിക്കല്‍ കോളേജില്‍. ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് സാമ്പിള്‍ തട്ടിയെടുത്തത്. ഇതേ തുടര്‍ന്ന് കുരങ്ങന്‍മാര്‍ കൊവിഡ് പരത്തുമെന്ന് പ്രദേശത്ത് ഭീതി പരന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മീററ്റിലുള്ള ലാല ലജ്പത് റായി മെഡിക്കല്‍ കോളേജിലായിരുന്നു യുപി സര്‍ക്കാരിന് നാണക്കേടായ സംഭവം അരങ്ങേറിയത്. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന 3 രോഗികളുടെ രക്ത സാമ്പിളുമായി ലാബ് ടെക്നീഷ്യന്‍ ആശുപത്രിക്കുള്ളിലെ ലാബിലേക്ക് നടന്ന് പോവുകയായിരുന്നു.

ഇതിനിടെ ലാബ് ജീവനക്കാരനെ കുരങ്ങന്മാര്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ കീഴ്പ്പെടുത്തി കുരങ്ങന്‍മാര്‍ സാമ്പിള്‍ എടുത്തുകൊണ്ട് പോയി. കയ്യില്‍ കിട്ടിയ സാമ്പിളുകള്‍ കുരങ്ങന്മാര്‍ പൂര്‍ണമായും നശിപ്പിച്ചു. സാമ്പിള്‍ ചവയ്ക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സംഭവത്തെ തുടര്‍ന്ന് കുരങ്ങന്‍മാര്‍ കൊവിഡ് പരത്തുമെന്ന് പ്രദേശത്ത് ആശങ്ക പരന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കുരങ്ങന്മാരില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവം നാണക്കേടും വിവാദവുമായതോടെ ആശുപത്രി അന്വേഷണം ആരംഭിച്ചു.

കുരങ്ങന്‍മാര്‍ സ്വാബ് ടെസ്റ്റ് സാമ്പിള്‍ അല്ല എടുത്തതെന്നും രോഗികളുടെ പരിശോധന സാമ്പിള്‍ വീണ്ടും എടുത്തുവെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ് കെ ഗാര്‍ഗ് പറഞ്ഞു. ലാബ് ടെക്നീഷ്യനില്‍ നിന്ന് വിശദീകരണം തേടിയതായി സൂപ്രണ്ടന്റ് ഇന്‍ ചീഫ് ധീരജ് ബലിയാനും വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ യുപി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. ആവശ്യത്തിന് കോവിഡ് പരിശോധന പോലും നടത്താത്ത യു പി സര്‍ക്കാരിന് പരിശോധന സാമ്പിള്‍ പോലും സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് അവര്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News