നിയമസഭയിലെ തീപ്പൊരി പ്രാസംഗികന്‍; എം ജി യൂണിവേഴ്‌സിറ്റിക്ക് പേര് നിര്‍ദ്ദേശിച്ചതും വീരേന്ദ്രകുമാര്‍ തന്നെ

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റിക്ക് ആ പേര് ആദ്യമായി നിര്‍ദ്ദേശിച്ചത് എം പി വീരേന്ദ്രകുമാറാണെന്നത് പലര്‍ക്കും അറിയാത്ത കാര്യം ആയിരിക്കും. മന്ത്രിസ്ഥാനം രാജിവെച്ച ശേഷമാണ് താന്‍ സ്വീകരണത്തിന് പോയതെന്ന് കരുണാകരന്‍ നയിക്കുന്ന പ്രതിപക്ഷനിരയോട് പറയാന്‍ ചങ്കൂറ്റം കാട്ടിയ മുന്‍മന്ത്രിയായിരുന്നു വീരന്‍.

വീരന്റെ പരിസ്ഥിതി പ്രേമത്തെ പറ്റി ഉപമിക്കാന്‍ ലീഗ് എംഎല്‍എ ഹനുമാനോട് ഉപമിച്ച് നടത്തിയ ആക്ഷേപത്തിന് ചുട്ടമറുപടി നല്‍കിയതും ചരിത്രം. അയോദ്ധ്യ പ്രശ്‌നം കത്തി നില്‍ക്കുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പുകള്‍ പച്ചക്ക് തുറന്ന് കാണിച്ച വീരേന്ദ്രകുമാറിന്റെ നിയമസഭാ പ്രസംഗങ്ങള്‍ ഒരു കാലഘട്ടത്തിന്റെ നേര്‍സാക്ഷ്യമാണ്

പാര്‍ലമെന്റിലെ മാത്രമല്ല നിയമസഭയിലെയും തീപ്പൊരി പ്രാസംഗികനായിരുന്നു വീരേന്ദ്രകുമാര്‍ . ധൈഷ്ണികമായ ഇടപെടലുകള്‍ മാത്രമല്ല, സംവാദാക്തമായ നിരവധി ആശയങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു .കോട്ടയത്തെ ഒരു ഒറ്റ മുറികെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്നത്തെ എം ജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിളിപേര് ഗാന്ധി യൂണിവേഴ്‌സിറ്റിയെന്നായിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റിക്ക് മാഹാത്മഗാന്ധിയുടെ പേര് നല്‍കണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ടത് എംപി വീരേന്ദ്രകുമാറാണ് .

യൂണിവേഴ്‌സിറ്റി അമെന്‍മെന്റ് ബില്ലിന്റെ ചര്‍ച്ചക്കിടെ വിരേന്ദ്രകുമാറിന്റെ ആവശ്യം അന്നത്തെ വിഭ്യാഭ്യാസ മന്ത്രി ചന്ദ്രശേഖരന്‍ അംഗീകരിക്കുകയായിരുന്നു. ഇത് പോലെ നിരവധി ചരിത്ര ഇടപെടലുകളാണ് വീരേന്ദ്രകുമാര്‍ നടത്തിയത് സ്ഥാനമേറ്റ് മണിക്കൂറിനുളളില്‍ വനംമന്ത്രി സ്ഥാനം രാജി വെച്ച വീരേന്ദ്രകുമാര്‍ നിയമസഭയില്‍ നടത്തിയ ഒരു ചെറുപ്രസംഗത്തിലുണ്ട് അധികാരത്തെ താന്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ നേര്‍സാക്ഷ്യം.

മന്ത്രിസ്ഥാനം നേടിയപ്പോഴല്ല രാജിവെച്ച ശേഷമാണ് താന്‍ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയതെന്ന് പ്രതിപക്ഷനിരയോട് വിളിച്ച് പറഞ്ഞ
വിരേന്ദ്രകുമാറിന്റെ പ്രസംഗം നിയമസഭയുടെ ചരിത്രതാളുകളിലുണ്ട്. ഒരു ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഭീമന് മുന്നില്‍ വഴിമുടക്കികിടക്കുന്ന ഹനുമാനാണ് എം പി വീരേന്ദ്രകുമാറെന്ന് മുസ്ലീംലീഗ് അംഗം നാലകത്ത് സൂപ്പി പരിഹസിച്ചു. പരിസ്ഥിതിക്കും വനനശീകരണത്തിനുമെതിരെ നിലപാട് എടുത്തതാണ് കൊരമ്പയില്‍ അഹമ്മദ് ഹാജിയും , നാലകത്ത് സൂപ്പിയും വീരേന്ദ്രകുമാറിനെതിരെ തിരിയാന്‍ കാരണം.

മരം വെട്ടിയാണോ വികസനം കൊണ്ട് വരേണ്ടതെന്ന വിരേന്ദ്രകുമാറിന്റെ മറുപടിക്ക് ഒരു പ്രവാചകസ്വഭാകം ഉണ്ടായിരുന്നു. അയോധ്യ പ്രശ്‌നം കത്തി നിള്‍ക്കുന്ന കാലത്തായിരുന്നു വീരേന്ദ്രകുമാര്‍ നിയമസഭയില്‍ ശ്രദ്ധേയമായ രാഷ്ടീയ പ്രസംഗങ്ങള്‍ നടത്തിയത്. വി പി സിംഗിനെ പുറകില്‍ നിന്ന് കുത്തി ബിജെപിയെ വളര്‍ത്തുന്ന കോണ്‍ഗ്രസ് നയത്തെ വീരേന്ദ്രകുമാര്‍ പിച്ചി ചീന്തി. രാജീവ് ഗാന്ധിയുടെ വീടിന് മുന്നില്‍ രഹസ്യപോലീസിനെ കണ്ടതാണ് പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ കാരണമെങ്കില്‍ സ്വന്തം മന്ത്രിസഭയിലെ അംഗമായിരുന്ന ആരിഫ് മുഹമ്മദ്ഖാന്റെ ഫോണ്‍ രാജീവ് ഗാന്ധി ചോര്‍ത്തിയെന്ന് വീരന്‍ തിരിച്ചടിച്ചു.

സിബിഐ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു വീരന്‍ ഇത് പറഞ്ഞത്. പ്രതിപക്ഷനേതാവായ കരുണാകരനുമായി വീരേന്ദ്രകുമാറിനെ നേരിട്ട് ഏറ്റുമുട്ടുന്നതിനും സഭ സാക്ഷിയായി. രാജീവ്ഗാന്ധി പുലര്‍ത്തിയ മൃദഹിന്ദുത്വ നിലപാടുകള്‍ ബിജെപിയെ വളര്‍ത്തുമെന്ന് അദ്ദേഹം പ്രവചിച്ചത് വസ്തുതകളെ മുന്‍നിര്‍ത്തിയാണ് . സാഹിത്യവും, കലയും ,രാഷ്ടീയത്തിലെ ഉള്‍കാഴ്ച്ചയുമെല്ലാം ഇഴചേര്‍ന്ന വിരേന്ദ്രകുമാറിന്റെ നിയമസഭാപ്രസംഗങ്ങള്‍ ചരിത്രത്തിലെ രജത രേഖയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News