വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: വിടി ബല്‍റാം എംഎല്‍എയുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും മണ്ടംപറമ്പ് സ്വദേശിയുമായ പ്ലാവളപ്പില്‍ മണി എന്ന സുനിത്ത് (34) ചുള്ളിവളപ്പില്‍ താമി എന്ന സതീശന്‍ (39) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി കെ സാനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മണ്ടംപറമ്പ് മേഖലയില്‍ എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്.

കാടിന് സമാനമായ പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയിലാണ് കുടങ്ങളിലാക്കി വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. 34 കുടങ്ങളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 500 ലിറ്റര്‍ വാഷ് എക്സൈസ് സംഘം നശിപ്പിച്ചിരുന്നു.

എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവന്നിരുന്ന എക്‌സൈസ് സംഘം ഇരുവരേയും പ്രതിചേര്‍ക്കുകയായിരുന്നു.

ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഒരു കുപ്പി വാറ്റ് ചാരായത്തിന് പ്രതികള്‍ 2000 രൂപ വരെ ഈടാക്കിയിരുന്നതായി വിവരമുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുനിത്താണ് വില്‍പനക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതര ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന നടത്തിയിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുള്ളതായും സൂചനയുണ്ട്.

അതേ സമയം പ്രതി സുനിത്തിന് കോണ്‍ഗ്രസിലെ ഉന്നതര്‍ സംരക്ഷണം നല്‍കുന്നതായി ആക്ഷേപമുണ്ട്.തൃശൂര്‍ ഡി സി സി സെക്രട്ടറി വി കെ രഘു സ്വാമി, എം എല്‍ എ വി.ടി ബല്‍റാം എന്നിവരുമായി അടുത്ത് ബന്ധമുള്ള സുനിത്തിന് പുറമെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വാറ്റ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here