കെഎംസിസിയുടെ മെഡിചെയിന്‍ പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കാനായില്ലെന്ന് ആക്ഷേപം

കെഎംസിസിയുടെ മെഡിചെയിന്‍ പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കാനായില്ലെന്ന് ആക്ഷേപം. ശേഖരിച്ച മരുന്നുകള്‍ നിയമവിരുദ്ധമായി എയര്‍ കാര്‍ഗോ വഴി അയച്ചതാണ് വിനയായത്.

മരുന്ന് ശേഖരിച്ച വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ത്തന്നെ യൂത്തിലീഗ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായെത്തി
യു എ ഇയില്‍ കഴിയുന്ന പ്രവാസികള്‍ക്കുള്ള എമര്‍ജന്‍സി മരുന്നുകളാണ് വൈറ്റ് ഗാര്‍ഡ് ശേഖരിച്ചത്.

ഏറനാട് ട്രാവല്‍സുമായി സഹകരിച്ച് എയര്‍ കാര്‍ഗോ വഴി മരുന്നെത്തിയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ മരുന്നുകൊണ്ടുപോവുന്നതിന് ഇന്റര്‍ നാഷനല്‍ കൊറിയര്‍ ഏജന്‍സിക്കേ അനുമതിയുള്ളൂവെന്നതിനാല്‍ മരുന്നുകള്‍ തിരിച്ചയച്ചു. വിശ്വസിച്ച് മരുന്നും ഡോക്ടറുടെ കുറിപ്പടിയും ബില്ലുമുള്‍പ്പെടെ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഏല്‍പ്പിച്ച അത്യാവശ്യക്കാര്‍ക്ക് തിരിച്ചടിയായി.

യൂത്ത് ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങളും പി കെ ഫിറോസുമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ചെയ്ത പദ്ധതിയാണ് തുടക്കത്തിലേ പിഴച്ചത്. പിന്നീട് കൊറിയര്‍ വഴി മരുന്നെത്തിച്ചുതുടങ്ങിയെങ്കിലും ഡോക്ടര്‍മാരുടെ സേവനമുള്‍പ്പെടെ പദ്ധതിയിലെ വാഗ്ദാനങ്ങളൊന്നും പ്രായോഗികമായി നടപ്പാക്കാനായില്ല.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വീഴ്ച ട്രാവല്‍ ഏജന്‍സിയുടെമേല്‍ കെട്ടിവെയ്ക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം പ്രത്യേക സാഹചര്യത്തില്‍ രൂപപ്പെട്ടുവന്ന പദ്ധതിയായതിനാല്‍ ആവശ്യത്തിന് കൂടിയാലോചനകള്‍ നടത്താനായില്ലെന്നും തകരാറുകള്‍ പരിഹരിച്ചെന്നുമാണ് യൂത്ത് ലീഗ് നേതാക്കളുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel