സുഭിക്ഷ കേരളം; തരിശ് ‌ഭൂമി കൃഷി പ്രോത്സാഹിപ്പിക്കാൻ വൻ ഇളവുകൾ, കർഷകർക്ക്‌ സബ്‌സിഡി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ തരിശ്‌ഭൂമി കൃഷി പ്രോത്സാഹിപ്പിക്കാൻ വൻ ഇളവ്‌. തദ്ദേശഭരണവകുപ്പാണ്‌ പുതിയ സബ്‌സിഡി നിരക്ക്‌ തയ്യാറാക്കിയത്‌. ഒരു ഹെക്ടർ തരിശ്‌ ഭൂമിക്ക്‌ 40,000 രൂപ. ഇതിൽ 35,000 രൂപ കർഷകനും 5000 രൂപ ഭൂവുടമയ്‌ക്കുമാണ്‌‌. നേരത്തേ 30,000 രൂപയായിരുന്നു. ഇതോടൊപ്പം മറ്റ്‌ കൃഷിക്കുള്ള ഇളവും കൂട്ടി. പുതിയ നിരക്ക്‌ പ്രകാരം വാർഷികപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്താനും അനുമതി നൽകും.

വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലെ അഭിപ്രായം പരിഗണിച്ച്‌ തദ്ദേശഭരണമന്ത്രി എ സി മൊയ്‌തീന്റെ അധ്യക്ഷതയിൽ ചേർന്ന കോ– ഓർഡിനേഷൻ യോഗത്തിലാണ്‌ തീരുമാനം. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്‌തത ഉറപ്പാക്കാനാണ്‌ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത്‌. തദ്ദേശഭരണം, കൃഷി, മത്സ്യബന്ധനം, ക്ഷീര വികസനം, മൃഗസംരക്ഷണവകുപ്പുകൾ സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

നെൽക്കൃഷിക്ക്‌ നിലവിൽ (ഒരുപൂകൃഷി) ഹെക്ടറിന്‌ 17,000 രൂപയാണ്‌ ഇളവ്‌. ഇത്‌ 22,000 രൂപയാക്കി. പച്ചക്കറിക്കൃഷിക്ക്‌ 17,000 രൂപ എന്നത്‌ പന്തൽ ഉൾപ്പെടെ 25,000 രൂപയും പന്തൽ ഇല്ലാതെ 20,000 രൂപയും നൽകും. ശീതകാല പച്ചക്കറിക്ക്‌ 30,000 രൂപ‌. പയർ വർഗങ്ങൾക്കും കിഴങ്ങുകൾക്കും ചെറുധാന്യങ്ങൾ, നിലക്കടല എന്നിവയ്‌ക്കും‌ 20,000 രൂപ. വാഴയ്‌ക്ക്‌ 30,000. എണ്ണക്കുരുക്കൾക്കും മറ്റുള്ള കൃഷികൾക്കും‌ 10,000 രൂപയും സബ്‌സിഡി ലഭിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങൾ കർഷകർക്ക്‌ സബ്‌സിഡി കൈമാറും. ഇതിനാണ്‌ വാർഷിക പദ്ധതികളിൽ കൂടുതൽ തുക വകയിരുത്തി പുനഃക്രമീകരിക്കുന്നത്‌. നിലവിൽ 900 കോടിയോളം രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾ‌ കാർഷികമേഖലയ്‌ക്ക്‌ മാറ്റിവച്ചിട്ടുണ്ട്‌.

പദ്ധതി പുനഃക്രമീകരിക്കുമ്പോൾ റോഡ്‌, കെട്ടിടം പോലെ ഈ സാമ്പത്തികവർഷം അനിവാര്യമല്ലാത്ത ചില പദ്ധതികളുടെ പണം കാർഷികമേഖലയിലേക്ക്‌ മാറ്റാനും അനുമതി നൽകി‌. നിലവിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പദ്ധതി, കേരള പുനർനിർമാണം എന്നിവയിൽനിന്ന്‌ ഏദേശം 1500 കോടി ലഭിച്ചിട്ടുണ്ട്‌. അതിനാൽ, റോഡ് പുനർനിർമാണത്തിനുള്ള പണം കൃഷിക്ക്‌ മാറ്റുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ പ്രയാസമുണ്ടാകില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here