ഇന്ന് സി ഐ ടി യു വിന്റെ 51-ാം ജന്മദിനം. തൊ‍ഴിലാളി വർഗ്ഗത്തിന്റെ ഐക്യത്തിനും പോരാട്ടത്തിനും സമർപ്പിച്ച അര നൂറ്റാണ്ടിനെ അടയാളപ്പെടുത്തി സിഐടിയു പ്രസിഡന്റ് ഡോ. കെ. ഹേമലത

രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ സിഐടിയു 50 വർഷംമുമ്പ്‌ രൂപീകരിക്കുന്നത്‌. ഒപ്പം എല്ലാവിധ ചൂഷണത്തിൽനിന്നും സമൂഹത്തെയാകെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന്‌ തയ്യാറെടുക്കുക എന്ന ലക്ഷ്യവും ഉയർത്തിപ്പിടിച്ചു. വിവിധ രാഷ്ട്രീയ പ്രത്യയശാസ്‌ത്രത്തിൽ വിശ്വസിക്കുന്ന തൊഴിലാളി സംഘടനകൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്താൻ സിഐടിയുവിന്‌ സാധിച്ചു. ചരിത്രപരമായ റെയിൽവേ പണിമുടക്കും രാജ്യവ്യാപകമായി 19 തവണ നടന്ന പൊതുപണിമുടക്കും ഇതിന്‌ ഉദാഹരണമാണ്‌.

നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ 19 ദേശീയ പണിമുടക്ക്‌ സംഘടിപ്പിക്കുന്നതിന്‌ സിഐടിയു വഹിച്ച പങ്ക്‌ എല്ലാവരും അംഗീകരിച്ചതാണ്‌. സ്‌ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ സംഘടനാ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരുന്നതിലും സിഐടിയുവിന്റെ സംഭാവന സുപ്രധാനമാണ്‌. സ്‌ത്രീത്തൊഴിലാളികൾക്ക്‌ യൂണിയനിൽ അംഗത്വം നൽകി വെറും കാഴ്‌ചക്കാരായി നിർത്തുന്നതിനു പകരം അവരെ തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങളുടെ ഭാഗമായി മാറ്റിയെടുത്തു‌. സ്‌ത്രീത്തൊഴിലാളികളെ മാറ്റിനിർത്തി പണിയെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടുത്താൻ കഴിയില്ലെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടാണിത്‌.

രൂപീകരണ സമ്മേളനത്തിൽ സിഐടിയുവിന്റെ മുദ്രാവാക്യം ‘ഐക്യവും പോരാട്ടവും ’ എന്നതായിരുന്നു. ഈ മുദ്രാവാക്യത്തിന്‌ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ട്‌‌. തൊഴിലാളികൾ ഇന്ന്‌ എല്ലാഭാഗത്തുനിന്നുമുള്ള കടന്നാക്രമണങ്ങളെ നേരിടുകയാണ്‌. തൊഴിലുടമകളും ഒപ്പം സർക്കാരുകളും തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കോൺഗ്രസും മറ്റ്‌ ബൂർഷ്വ പാർടികളും നേതൃത്വം നൽകുന്ന സർക്കാരുകളും തൊഴിൽസമയം 12 മണിക്കൂറായി വർധിപ്പിക്കുന്നു. തൊഴിലുടമകളെ തൊഴിൽനിയമങ്ങളിൽനിന്ന്‌ ഒഴിവാക്കുന്നു. തൊഴിലുടമകൾക്ക്‌ അവരുടെ ഇഷ്ടംപോലെ വാടകയ്‌ക്കെടുക്കാവുന്ന വെറും വസ്‌തുവായി തൊഴിലാളികൾ മാറി. അവരെ പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിലനിന്നിരുന്ന അടിമത്തസ്ഥിതിയിലേക്ക്‌ തള്ളിവിടുകയാണ്‌.

കോടിക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടപ്പെടുമ്പോഴാണ്‌ സർക്കാർ തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുന്നത്‌. അടച്ചിടൽകാലത്ത്‌ പിരിച്ചുവിടാനോ ശമ്പളം നിഷേധിക്കാനോ വാടകവീടുകളിൽനിന്ന്‌ ഒഴിപ്പിക്കാനോ പാടില്ലെന്ന സർക്കാർ മാർഗനിർദേശം ആരും ചെവിക്കൊള്ളുന്നില്ല. അടച്ചിടൽകാലത്ത്‌ 14 കോടി പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടതായി സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കണ്ടെത്തി‌.

ലക്ഷക്കണക്കിന്‌ അതിഥിത്തൊഴിലാളികൾ വിശന്നവയറുമായി നൂറുകണക്കിനു കിലോമീറ്റർ നടന്ന്‌ അവരുടെ ഗ്രാമങ്ങളിലേക്ക്‌ പലായനം ചെയ്യുന്ന ദയനീയകാഴ്‌ചയാണ്‌ രാജ്യത്തിന്റെ പല ഭാഗത്തും. ജോലി നഷ്ടപ്പെട്ടു, ഭക്ഷണം, താമസം, ചികിത്സ തുടങ്ങിയ സൗകര്യം ലഭിക്കുന്നില്ല.

കേന്ദ്രസർക്കാർ തൊഴിലാളികൾക്ക്‌ സഹായം നൽകുന്നില്ല. എന്നാൽ, ഈ ഘട്ടത്തിൽ സർക്കാർ നവ ഉദാരവൽക്കരണ അജൻഡ നടപ്പാക്കുകയാണ്‌. ദുരന്തഘട്ടത്തിലും ബിജെപി സർക്കാർ സ്വദേശ, വിദേശ കോർപറേറ്റ്‌ മേധാവികളെ സേവിക്കുകയാണ്‌. കോവിഡ്‌ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്‌ വെറും തട്ടിപ്പാണ്‌.

അഞ്ച്‌ ദിവസം തുടർച്ചയായി കേന്ദ്രധനമന്ത്രി വാർത്താസമ്മേളനം നടത്തിയെങ്കിലും അടച്ചിടൽമൂലം ഏറെ ദുരിതമനുഭവിക്കുന്ന അതിഥിത്തൊഴിലാളികൾ, സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർക്ക്‌ പ്രത്യക്ഷത്തിൽ സഹായം പ്രഖ്യാപിച്ചില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ വഞ്ചിക്കുന്ന സമീപനമാണ്‌ പാക്കേജിലൂടെ സ്വീകരിച്ചത്‌.

മുമ്പ്‌ തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെത്തുടർന്നും മറ്റ്‌ കാരണങ്ങളാലും നിർത്തിവച്ചിരുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം പാക്കേജിന്റെ മറവിലൂടെ നടപ്പാക്കുകയാണ്‌. പ്രതിരോധം, ആണവോർജം, ബഹിരാകാശം, കൽക്കരി തുടങ്ങിയ രാജ്യത്തിന്റെ തന്ത്രപ്രധാന വ്യവസായങ്ങളാണ്‌ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്‌.

രാജ്യത്തിന്റെ അഭിമാനമായ ഗവേഷണ സ്ഥാപനങ്ങൾവരെ വൻകിട കോർപറേറ്റുകൾക്ക്‌ കൈമാറുന്നു‌. കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ കൂടുതൽ പ്രതിസന്ധിയിലാഴ്‌ത്തിക്കൊണ്ട്‌ കൃഷിഭൂമിയുടെ വിനിയോഗത്തിൽ മാറ്റം വരുത്തുമെന്ന്‌ പ്രഖ്യാപിച്ചു. കൃഷിയുടെ കോർപറേറ്റ്‌വൽക്കരണം പ്രോത്സാഹിപ്പിക്കുകയാണ്‌.

ഈ സാഹചര്യത്തിൽ തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടുത്തുന്നതോടൊപ്പം ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവും രാജ്യവിരുദ്ധവുമായ നയങ്ങൾ നടപ്പാക്കുന്നത്‌ തടയുന്നതിന്‌ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമാണ്‌. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്നതോടൊപ്പം സർക്കാരിന്റെ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള സമരവും ശക്തിപ്പെടുത്തണം.

അടച്ചിടൽകാലത്ത്‌‌ ഈ സന്ദേശം തൊഴിലാളികൾക്കിടയിലും മറ്റ്‌ ജനവിഭാഗങ്ങൾക്കിടയിലും എത്തിക്കാൻ സിഐടിയുവിന്‌ സാധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ഭരണകൂടത്തെ ഒരു തരത്തിലും അനുവദിക്കരുത്‌. തൊഴിലാളികളെ അടിമത്തസ്ഥിതിയിലേക്ക്‌ തള്ളിവിടുന്ന വലതുപക്ഷ ശക്തികളുടെ നയങ്ങളെ എന്ത്‌ വിലകൊടുത്തും ചെറുത്തുതോൽപ്പിക്കണം.

അടച്ചുപൂട്ടൽക്കാലത്ത്‌ ലക്ഷക്കണക്കിനു തൊഴിലാളികളും അവരുടെ കുടുംബങ്ങളും ചെറുസംഘങ്ങളായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഏപ്രിൽ 21, മെയ്‌ 1, മെയ്‌ 14, മെയ്‌ 22 എന്നീ ദിവസങ്ങളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്‌ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. സിഐടിയു സുവർണ ജൂബിലിയുടെ സമാപനത്തിന്റെ ഭാഗമായി സ്ഥാപകദിനമായ മെയ്‌ 30ന്‌ രാജ്യവ്യാപകമായി പ്രതിഷേധിക്കും.

സിഐടിയു അംഗങ്ങൾ അവരുടെ വീടുകൾക്കുമുന്നിൽ കുടുംബാംഗങ്ങളോടൊപ്പം പതാക ഉയർത്തും. ഒപ്പം പ്ലക്കാർഡുയർത്തി കേന്ദ്രനയത്തിനെതിരെ പ്രതിഷേധിക്കും. രാജ്യത്തെ രണ്ടു ലക്ഷം കേന്ദ്രത്തിൽ 10 ലക്ഷം അംഗങ്ങൾ അണിനിരക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ കരുത്തായി സ്ഥാപകദിനം മാറ്റിയെടുക്കാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here