മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രന്യൂനമര്‍ദമായി ആയി മാറി വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍.
ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
നാളെ പത്ത് ജില്ലകളിലും, തിങ്കളാഴ്ച്ച 7 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.