മുംബൈയിൽ മരിച്ച കൊവിഡ് രോഗിയെ അധികൃതർ സംസ്കരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുടുംബം അറിയുന്നത് നാലാം ദിവസം

കൊറോണക്കാലത്തിലൂടെ കടന്നു പോകുന്ന നഗരം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളുമായാണ് ഉണരുന്നത്. ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം കുടുംബത്തെ പോലും അറിയിക്കാതെ സംസ്കരിച്ച നടപടിയാണ്. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാകേഷിന്റെ കുടുംബം ക്വാറന്റൈനിൽ പോകുകയായിരുന്നു.

14 ദിവസത്തെ ക്വാറന്റൈൻ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തുമ്പോഴാണ് രാകേഷിന്റെ മരണ വിവരം കുടുംബം അറിയുന്നത്. മരിച്ച വിവരമോ സംസ്കരിക്കുന്നതിന് മുൻപോ കുടുംബത്തെ വിളിച്ചു പറയുവാൻ പോലും അധികൃതർ തയ്യാറായില്ലെന്ന് മാത്രമല്ല അവകാശികൾ ഇല്ലെന്ന കാരണം രേഖപ്പെടുത്തിയാണ് പെട്ടെന്ന് മൃതദേഹം സംസ്കരിച്ചത്.

മുംബൈയിലെ വഡാലയിൽ ബർക്കടലി നഗറിലായിരുന്നു രാകേഷ് വർമ്മയും കുടുംബവും താമസിച്ചിരുന്നത്. ആരെയും അറിയിക്കാതെ ഒരു അനാഥനെ പോലെ തന്റെ മകനെ സംസ്കരിച്ച നടപടിയിൽ നെഞ്ചു പൊട്ടി കരയുകയാണ് രാകേഷിന്റെ അമ്മ ആനന്ദ വർമ്മ.

എന്നാൽ ഫോണിൽ രോഗ വിവരം തിരക്കുമ്പോഴെല്ലാം വെന്റിലേറ്ററിൽ ആണെന്നും ചികിത്സ തുടരുകയാണെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമെന്നാണ് രാകേഷിന്റെ ഭാര്യ സുഭാഷിനി വർമ്മ പറയുന്നത്. പിന്നീട് മെയ് 21ന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോഴാണ് മെയ് 17 ന് അദ്ദേഹം മരിച്ചുവെന്ന വിവരം തന്നെ ബന്ധുക്കൾ അറിയുന്നത്.

രാകേഷ് ആശുപത്രിയിൽ തന്റെ ജീവനുവേണ്ടി പോരാടുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ക്വാറന്റൈനിൽ ആയിരുന്നു. ക്വാറന്റൈൻ അവസാനിച്ച മെയ് 21 നാണ് ആശുപത്രിയിൽ രാകേഷിനെ കാണുവാനായി ബന്ധുക്കൾ എത്തുന്നത്.

അപ്പോഴാണ് രാകേഷ് നാല് ദിവസം മുൻപ് മരിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം ഇവർ അറിയുന്നത്. ആരും അവകാശപ്പെടാൻ എത്താത്തതിനാൽ മൃതദേഹം പോലീസ് നീക്കം ചെയ്തതായും ഒരു നഴ്‌സ് അവരോട് പറഞ്ഞു. അന്വേഷിച്ചപ്പോൾ മൃതദേഹം ക്ലെയിം ചെയ്യാത്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കൾ നിസ്സഹായാവസ്ഥ പങ്കിട്ടു കൊണ്ട് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് വഡാല പോലീസ് കേസെടുത്തു. വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News