
കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് റിലയന്‍സ് ജിയോ കേരള മേധാവി നരേന്ദ്രന്‍ കെ സി.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക ലോകശ്രദ്ധ നേടിയെന്നും, ഈ മികവ് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികളുടെ വൈദഗ്ദ്ധ്യവും ലോകപരിജ്ഞാനവും ഉപയോഗപ്പെടുത്താന്‍ കുടുംബശ്രീ മാതൃകയില്‍ സംവിധാനമൊരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കോവിഡനന്തര ലോകം വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നിടുന്ന കാലമാണ്. ഇന്ത്യയിലും കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. പ്രവാസികളുടെ ജന്മ നാടുകളിലേക്കുള്ള മടക്കമാണ് അതില്‍ പ്രധാനം. തൊഴില്‍ നഷ്ടപ്പെട്ട് ഒട്ടേറെ മലയാളികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊരു പ്രതിസന്ധിയായി കാണേണ്ടതില്ലെന്ന് കെ സി നരേന്ദ്രന്‍ പറഞ്ഞു. മറിച്ച് ഇതൊരു അവസരമാണ്.
അറുപതിലധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തിട്ടുള്ള നരേന്ദ്രന്‍ കെ സി റിലയന്‍സ് ജിയോ യുടെ കേരള മേധാവിയായി പ്രവര്‍ത്തിക്കുകയാണ്.
മലയാളികളുടെ കഴിവും കാര്യശേഷിയും ലോകമാകെ അംഗീകരിച്ചിട്ടുള്ളതാണെന്ന് സ്വന്തം അനുഭവത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വൈദഗ്ദ്ധ്യത്തിനും കഴിവിനുമൊപ്പം ലോക പരിജ്ഞാനവും കൂടി നേടിയാണ് പ്രവാസികള്‍ മടങ്ങിയെത്തുന്നത്. ഇത് നേട്ടമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇതിനായി കുടുംബശ്രീ മാതൃകയില്‍ സംവിധാനം ഒരുക്കണം. കുടുംബശ്രീ ലോകശ്രദ്ധ നേടിയ ഒരു കേരള മോഡലാണ്. വൈദഗ്ദ്ധ്യമുള്ള തൊഴില്‍ സേനക്ക് അണിനിരക്കാനുള്ള പ്ലാറ്റ്‌ഫോമാക്കി ഇതിനെ മാറ്റാം. ഏത് തൊഴിലിനും മെച്ചപ്പെട്ട വേതനവും അന്തസ്സും ഇത് വഴി ലഭിക്കും.
ഏത് തൊഴിലും മേന്മയുള്ള താണെന്ന അവബോധത്തിലേക്ക് സമൂഹം മാറണം. ഇതിന് ആവശ്യമെങ്കില്‍ മടങ്ങിയെത്തുന്നവര്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ഒരുക്കണം. അങ്ങനെ കേരളത്തില്‍ നിന്നും മടങ്ങിയ അര്‍ത്ഥവിദഗ്ദ്ധരും അവിദഗ്ധരുമായ അതിഥി തൊഴിലാളികളുടെ അഭാവത്തില്‍, മടങ്ങിയെത്തുന്ന പ്രവാസികളെ വിന്യസിക്കാം. സ്വന്തം നാട്ടില്‍ മെച്ചപ്പെട്ട വേതനത്തില്‍ തൊഴില്‍ ലഭിക്കും എന്നത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും ഗുണകരമാണ്.
മികച്ച രീതിയിലാണ് കേരളം കോവിഡിനെ നേരിട്ടത്. ഈ നേട്ടത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ്. ഈ അംഗീകാരത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികളെ അവസരമാക്കുന്ന പ്രതിഭാശാലികളുടെ നാടാണ് കേരളം. എല്ലാവിധ ഭിന്നതകളും മാറ്റിവച്ച് ഒരുമിച്ച് നിന്നാല്‍ ഈ പ്രതിസന്ധി കാലത്തെയും മികച്ച അവസരമാക്കാന്‍ കേരളത്തിന് കഴിയുമെന്ന് റിലയന്‍സ് ജിയോയുടെ കേരള മേധാവി കൂടിയായ കെ സി നരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here