കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക.
രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍ ഇറക്കി വിട്ടവരില്‍ 17 പേരെ ഇതുവരെ കണ്ടെത്താനായില്ല.
ഈ മാസം 16ന് ബംഗളൂരുവില്‍ നിന്നും കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ കണ്ണൂര്‍ നഗരത്തില്‍ ഇറക്കി വിട്ട മുഴുപ്പിലങ്ങാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തി ഉള്‍പ്പെടെ 21 പേരെ അധികൃതരെ അറിയിക്കാതെ കണ്ണൂര്‍ കാള്‍ടെക്‌സ് ജംക്ഷനില്‍ ഇറക്കി വിടുകയായിരുന്നു.
നഗരത്തില്‍ കണ്ടെത്തിയ ഇതില്‍ മൂന്ന് പേരെ പോലീസ് ക്വാറന്റിന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവര്‍ കാല്‍ നടയായും കിട്ടിയ വാഹനങ്ങളില്‍ കയറിയുമാണ് വീടുകളിലേക്ക് പോയത്. കണ്ണൂരില്‍ ആളുകളെ ഇറക്കിയതിന് ശേഷം ബാക്കിയുള്ള യാത്രക്കാരുമായി ഈ ബസ് എങ്ങോട്ടാണ് പോയത് എന്ന കാര്യത്തിലും വ്യക്തതയില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ഒപ്പം ബസ്സില്‍ യാത്ര ചെയ്തവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ബസ്സുകള്‍ വഴിയില്‍ ആളുകളെ ഇറക്കി വിട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ്സ് എന്ന ആരോപണം ശരി വയ്ക്കുന്നതാണ് ഇത്തരത്തില്‍ ഇറക്കി വിട്ട ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം.

Get real time update about this post categories directly on your device, subscribe now.