പരാതികളില്ലാതെ പരീക്ഷകള്‍ പൂര്‍ത്തിയായി; വിമര്‍ശകര്‍ക്ക് മറുപടി

ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ് പരീക്ഷകള്‍ നടന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ പരീക്ഷ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി.

ലോക്ഡൗണ്‍ കാലത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിവാദത്തിലാഴ്ത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ഈ മാസം 26 മുതല്‍ 30 വരെയായി എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ വിജയകരമായി സര്‍ക്കാര്‍ പൂര്‍ത്തികരിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ 28 ന് പൂര്‍ത്തിയായപ്പോള്‍ പ്ലസ് വണ്‍ – പ്ലസ് ടു , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

എസ്.എസ്.എല്‍.സി ക്ക് 99.92 ശതമാനവും ഹയര്‍ സെക്കന്ററിക്ക് 98.7ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 98.93 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. അടുത്ത അദ്ധ്യയന വര്‍ഷം അനിശ്ചിതമായി നീണ്ടുപോകാതിരിക്കാനും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പരീക്ഷകള്‍ ഈ മാസം തന്നെ നടത്താന്‍ തീരുമാനിച്ചത്.

ഓരോ പരീക്ഷാ കേന്ദ്രത്തിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയത്. ആശങ്കയില്ലാതെ പരീക്ഷ എഴുതാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തി.

പരീക്ഷാ നടത്തിപ്പ് വിജയിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിവിധ വകുപ്പുകള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നന്ദിയറിയിച്ചു.

താല്‍കാലികമായി നിര്‍ത്തിവച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണയം നാളെ മുതല്‍ പുനരാരംഭിക്കും. ഇപ്പോള്‍ നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ 5 ന് ശേഷമാകും തുടങ്ങുക. ജൂണ്‍ അവസാന വാരം ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here