കൊല്ലം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സിപിഐഎം നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ തരിശിടങ്ങള്‍ ഹരിതാഭമാക്കും. മയ്യനാട് ധവളക്കുഴിയിലെ കായലോരത്ത് ഏഴ് ഏക്കര്‍ തരിശുഭൂമിയില്‍ ജില്ലാകമ്മിറ്റി കാര്‍ഷിക സമൃദ്ധിക്ക് തുടക്കമിട്ടു.
സാമൂഹിക അകലം പാലിച്ച് ഒത്തുചേര്‍ന്ന പാര്‍ടി പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായ കെ എന്‍ ബാലഗോപാല്‍ വാഴത്തൈനട്ട് പദ്ധതി ഉദ്ഘാടനംചെയ്തു.
അഞ്ഞൂറ് ഞാലിപ്പൂവന്‍ വാഴ വരുംനാളുകളില്‍ തരിശുഭൂമിയെ പച്ചപ്പണിയിക്കും. ഒരേക്കര്‍ സ്ഥലത്ത് കരനെല്‍ക്കൃഷിയാണ്. മൂന്നുമാസത്തിനകം കൊയ്ത്തിനു പാകമാകുന്ന ഉമ ഇനം വിത്താണ് കൃഷിചെയ്യുന്നത്. ഏഴുമാസംകൊണ്ട് വിളവെടുക്കാവുന്ന ഉമ്മന്‍ ഇനം മരച്ചീനിയും ഇഞ്ചി, മഞ്ഞള്‍, വഴുതന, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും വളര്‍ത്തും.
കേരളത്തിന്റെ കാര്‍ഷികസമൃദ്ധി വീണ്ടെടുത്ത് ഭക്ഷ്യസുരക്ഷയൊരുക്കാന്‍ നാടിന്റെ നല്ല നാളെ ലക്ഷ്യമിടുന്നവര്‍ മുന്നോട്ടുവരണമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കോവിഡും ലോക്ക്ഡൗണും ഓര്‍മിപ്പിച്ചു. ഇനിയുള്ള നാളുകള്‍ കരുതലിന്റേതാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് കാര്‍ഷികസമൃദ്ധിക്ക് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ്അംഗങ്ങളായ പി ആര്‍ വസന്തന്‍, എക്‌സ് ഏണസ്റ്റ്, കൊട്ടിയം ഏരിയ സെക്രട്ടറി എന്‍ സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം ആര്‍ ബിജു, ജില്ലാ പഞ്ചായത്ത് അംഗം എസ് ഫത്തഹുദീന്‍ തുടങിയവര്‍ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.