ക്വാറന്‍റൈന്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം; ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ക്വാറൻ്റയിൻ ലംഘിച്ചുവെന്ന വ്യാജ പ്രചരണത്തിൽ മനം നൊന്ത് കണ്ണൂർ ന്യൂ മാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു.

യു ഡി എഫും ബി ജെ പിയുമാണ് ന്യൂ മാഹി പി എച്ച് സിയിലെ ആരോഗ്യപ്രവർത്തകയ്ക്ക് എതിരെ വ്യാജ പ്രചരണവും പ്രത്യക്ഷ സമരവും നടത്തിയത്.

ആത്മഹത്യ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ നേഴ്സ് പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

കർണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നും എത്തിയ സഹോദരിയുമായി സമ്പർക്കം പുലർത്തിയെന്നും ക്വാറൻ്റയിനിൽ പോകാതെ ജോലിക്ക് എത്തി എന്നുമായിരുന്നു ആരോഗ്യ പ്രവർത്തകയ്ക്ക് എതിരായ വ്യാജ പ്രചരണം.

ഈ ആക്ഷേപം ഉന്നയിച്ച് യു ഡി എഫും ബി ജെ പിയും ന്യൂ മാഹി പി എച്ച്സിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളിൽ മനംനൊന്താണ് പാലിയേറ്റീവ് കേയർ നേഴ്സ് വെള്ളിയാഴ്ച രാത്രി അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആരോഗ്യ പ്രവർത്തകരുടെ ആത്മഹത്യാക്കുറിപ്പിൽ വ്യാജ പ്രചരണം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടെ ആത്മഹത്യക്ക് ഉത്തരവാദികൾ എന്ന നിലയിൽ പരാമർശിക്കുന്നുണ്ട്.

ആരോഗ്യപ്രവർത്തക സഹോദരിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കി ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു.

കർണാടകയിൽ നിന്നും എത്തിയ സഹോദരി മാഹി ചാലക്കരയിലെ ബന്ധു വീട്ടിലാണ് ക്വാറൻ്റയിനിൽ കഴിയുന്നത്. ആരോഗ്യപ്രവർത്തക ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനു ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് ന്യൂമാഹി പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News