ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സിപിഐഎമ്മിന്റെ കൈത്താങ്ങ്; 600ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കും

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ വീട്ടില്‍ ടി വി ഇല്ലാത്ത കുട്ടികള്‍ക്ക് ടിവി വാങ്ങി നല്‍കുന്ന പദ്ധതിയുമായി സിപിഐഎം.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമില്ലാത്ത 600 ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി ടെലിവിഷന്‍ വാങ്ങി നല്‍കുക. പദ്ധതിയുടെ ഉത്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റിക്ക് കീഴില്‍ വരുന്ന ഏഴു പഞ്ചായത്തുകളില്‍ നിന്നായി പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടി വി എത്തിക്കുക. കോവിഡിന്റെ സാഹചര്യത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ടി വി ഇല്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ പദ്ധതി. ജൂണ്‍ 15 ഓടെ 600 ല്‍ അധികം വരുന്ന കുട്ടികളുടെ വീടുകളിലല്‍ ടി വി എത്തിച്ച് നല്‍കും.

കൈപ്പമംഗലം പുതിയ വീട്ടില്‍ മുഹമ്മദ് ഹക്കില്‍ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ടി വി വാങ്ങാനായുള്ള ആദ്യ സംഭാവന ഏറ്റുവാങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ ഓണ്‍ലൈനിലൂടെ മുന്നോട്ടു കൊണ്ടു പോകേണ്ടത് അനിവാര്യമാണെന്നും എന്നാല്‍ വീട്ടില്‍ വേണ്ടത്ര സൗകര്യമില്ലാത്തവര്‍ക്ക് ടി വി എത്തിക്കുന്ന സിപിഐഎമ്മിന്റെ ഇടപെടല്‍ കേരളത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

സിപിഐഎം നാട്ടിക ഏരിയാ സെക്രട്ടറി അഹമ്മദ്, കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, പഞ്ചായത്തംഗങ്ങളായ ലത ഭരതന്‍, സിന്ധു എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാട്ടുകാര്‍ വിവിധ പദ്ധതികളിലൂടെ സ്വരൂപിച്ച തുക മന്ത്രി ഏറ്റ് വാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here