ഒരു ക്ലാസ് പോലും നഷ്ടമാകില്ല; പാഠങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യം; അറിയാം ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച്

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. രാവിലെ 8.30 മുതൽ വൈകിട്ട്‌ 5.30 വരെ ടിവി– ലാപ്‌ടോപ്‌– മൊബൈൽ സ്ക്രീനുകളിൽ ലഭ്യമാകുന്ന ക്ലാസുകളിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഒന്നാം ക്ലാസുകാരുടെ മുഴുവൻ കുടുംബാംഗങ്ങളും കുരുന്നുകൾക്കൊപ്പം ക്ലാസുകൾ കേൾക്കണമെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.

പ്ലസ്‌ ടുവിനുള്ള നാല്‌ വിഷയവും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയം വൈകിട്ട്‌ 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റ്‌ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയാണ്‌.

കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്‍‌വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിൽ ലഭിക്കും. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടിവിയിലും 642-ാം നമ്പർ. മറ്റ്‌ ഡിടിഎച്ചുകളിലും ചാനൽ ഉടൻ ലഭ്യമാക്കും.

ടിവിയോ ഇന്റർനെറ്റ്‌ കണക്‌ഷനോ ഇല്ലാത്ത 2.5 ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്കും ഒരു ക്ലാസ് പോലും നഷ്ടമാകില്ല. ഇവരുടെ വീട്ടിലോ പരിസരത്തെ വായനശാല, അങ്കണവാടി എന്നിവിടങ്ങളിലോ പഠന സൗകര്യം ഉറപ്പാക്കും. പുതിയ തുടക്കം എന്നതിനാൽ ആദ്യ ആഴ്ച പരീക്ഷണ അടിസ്ഥാനത്തിലാകും ക്ലാസ്.ഇത്‌ സ്കൂളുകൾക്കോ അധ്യാപകർക്കോ ബദൽ അല്ലെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു.

www.victers.kite.kerala.gov.in പോർട്ടൽ വഴിയും facebook.com/victerseduchannel പേജിലും തൽസമയവും സംപ്രേഷണം ചെയ്യും. ക്ലാസ് തീർന്ന ഉടൻ youtube.com/itsvicters യുട്യൂബ് ചാനലിൽ അപ്‌ലോഡ്‌ ചെയ്യും.

ജോലിക്ക്‌ പോകുന്ന രക്ഷിതാക്കൾക്കും അതത്‌ സമയം കേൾക്കാനാകാത്തവർക്കും ഈ ലിങ്കുകൾ പ്രയോജനപ്പെടുത്താം.വിദ്യാർഥികൾക്കൊപ്പം അധ്യാപകരും അവരവരുടെ വീട്ടിലിരുന്ന്‌ ക്ലാസുകൾ കേൾക്കും.

ക്ലാസ്‌ കഴിഞ്ഞ ഉടൻ പാഠഭാഗം യുട്യൂബിലും നവമാധ്യമങ്ങളിലും ലഭ്യമാകും. രാത്രിയും ശനി, ഞായർ ദിനങ്ങളിലും പുനഃസംപ്രേഷണവും ഉണ്ടാകും. പാഠവുമായി ബന്ധപ്പെട്ട സംശയങ്ങളും തുടർ പ്രവർത്തനങ്ങളും അതത്‌ സ്കൂളുകളിലെ അധ്യാപകർ വിദ്യാർഥികളുമായി ചർച്ച ചെയ്യും.

നവമാധ്യമങ്ങളുടെയും നവീന സാങ്കേതിക വിദ്യയുടെയും സഹകരണത്തോടെ കുട്ടികൾ പഠന പ്രക്രിയയിൽ സജീവമാകുന്നെന്ന്‌ ഉറപ്പാക്കും. പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ആദ്യ ഒരാഴ്ച പരീക്ഷണ അടിസ്ഥാനത്തിലാണ്‌ ക്ലാസ്. തിങ്കളാഴ്ചയിലെ ക്ലാസുകൾ അതേ ക്രമത്തിൽ എട്ടിന്‌ വീണ്ടും സംപ്രേഷണംചെയ്യും.

കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളിലും തിങ്കളാഴ്‌ച ഓൺലൈൻ ക്ലാസ്‌ തുടങ്ങും. രാവിലെ 8.30ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിലൂടെ ലൈവ് ക്‌ളാസ് നടത്തി മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചൈയ്യും. ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും. https://asapkerala.webex.com/asapkerala/onstage/g.php MTID=ec0c9475a883464d05dae21f955272668

അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് അവസാനിക്കുന്ന രീതിയിൽ അധ്യാപകർ ഓൺലൈനിൽ കൂടി ക്‌ളാസുകളെടുക്കും. ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസുകൾ കൈകാര്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News