രൂക്ഷ വിമർശനം ഉന്നയിച്ച ബഞ്ച് മാറ്റി; സർക്കാരിനെതിരായ വിമർശനം മയപ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബഞ്ച് മാറ്റിയതിന് പിന്നാലെ സർക്കാരിനെതിരായ വിമർശനം മയപ്പെടുത്തി ഹൈക്കോടതി.

സർക്കാരിനെ വിമർശിച്ചാൽ അത്ഭുത രോഗ ശാന്തിയുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. മുൻപ് കേസ് പരിഗണിച്ച ബഞ്ച് മാറ്റിയതിന്റെ ഉദ്ദേശ ശുദ്ധിയെ സംശയത്തിലാക്കുന്നതാണ് കോടതിയുടെ നിലപാട് മാറ്റം.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ബെഞ്ചിന്റെ ഘടനയിൽ വ്യാഴാഴ്‌ചയായിരുന്നു മാറ്റം വരുത്തിയത്.

ജസ്റ്റിസ്മാരായ ജെ ബി പർദിവാല, ഇലേഷ് വോറ എന്നിവർ അടങ്ങിയ ബെഞ്ചായിരുന്നു സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. വിമർശനം ഉന്നയിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പർദിവാല എന്നിവർ അടങ്ങിയ ബഞ്ച് കേസ് തുടർന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിച്ചു.

ഘടന മാറ്റിയതോടെ നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പർദിവാല ബെഞ്ചിലെ ജൂനിയർ ജഡ്ജായി മാറി. ഈ ബെഞ്ച് മാറ്റം സർക്കാരിന്റെ മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഈ ആരോപണം കൂടുതൽ ബലപ്പെടുത്തുന്ന നിരീക്ഷണങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹൈക്കോടതി ഉത്തരവിൽ ഉള്ളത്.

കോവിഡ്‌ പ്രതിരോധത്തിൽ വീഴ്‌ച്ച വരുത്തിയതിന് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്‌ കൊണ്ട്‌ മാത്രം കാര്യങ്ങൾ ശരിയാകില്ല. വിമർശിച്ചത്‌ കൊണ്ട്‌ മാത്രം മരിച്ചവർ തിരിച്ചുവരില്ല. സർക്കാരിനെ വിമർശിച്ചാൽ അത്ഭുത രോഗശാന്തി ഉണ്ടാകില്ല ഇങ്ങനെ പോകുന്നു വെള്ളിയാഴ്ചത്തെ കോടതി പരാമർശങ്ങൾ.

ഗുജറാത്തിലെ ആശുപത്രി സാഹചര്യങ്ങൾ തടവറകളേക്കാൾ മോശമാണെന്നും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രിക്ക് അറിയുമോ എന്നും ചോദിച്ച കോടതിയിൽ നിന്നാണ് ഒരു ബഞ്ച് മാറ്റത്തിലൂടെ തികച്ചും വ്യത്യസ്തമായ നിരീക്ഷണങ്ങൾ ഉണ്ടായത്.

ഇത് കൂടാതെ സർക്കാരിന് എതിരായ വിമർശനങ്ങൾ ഉയരുന്നതിലെ അതൃപ്തി പ്രകടമാക്കുന്ന പരാമർശവും കോടതി നടത്തി. കോടതി ഉത്തരവ് വളഞ്ഞ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെ രാഷ്ട്രീയവൽക്കരിക്കരുത്.

സർക്കാരിന്റെ വീഴ്ചകളും പോരായ്മകളും വെറുതെ ഉയർത്തിക്കാട്ടുന്നത് ജനങ്ങളിൽ ഭയം മാത്രമാണ് ഉണ്ടാക്കുക എന്നുമായിരുന്നു കോടതിയുടെ വാക്കുകൾ. മുൻപ് കേസ് പരിഗണിച്ച ബഞ്ച് മാറ്റിയതിന്റെ ഉദ്ദേശ ശുദ്ധിയെ സംശയത്തിലാക്കുന്നതാണ് കോടതിയുടെ നിലപാട് മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News