വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം; വാഷിംഗ്ടണില്‍ കര്‍ഫ്യൂ; ട്രംപിനെ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

ആഫ്രിക്കൻ വംശജൻ ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന
പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയതോടെയാണ് ട്രംപിനെ മാറ്റിയത്.

ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്.

ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

അതേസമയം ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധം ശക്തമാവുകയാണ്. ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മുദ്രാവാക്യം വിളിച്ചും പ്രതിഷേധകര്‍ രംഗത്തെത്തിയതോടെയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. വാഷിങ്ടണിലടക്കം യുഎസിലെ 40ഓളം നഗരങ്ങളിൽ ഞായറാഴ്ച കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാൻ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News