കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പരാജയമെന്ന് മധ്യപ്രദേശിലെ ബിജെപി സർക്കാർ

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പരാജയമെന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ. വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണം എല്ലാ കർഷകർക്കും ലഭിക്കുന്നില്ല.

പദ്ധതിയുടെ നേട്ടം സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെന്ന് സംസ്ഥാന കൃഷി മന്ത്രി. ഫസൽ ഭീമ യോജനയിൽ നിന്ന് ഒഴിവായി സ്വന്തമായി പദ്ധതി തുടങ്ങാനാണ് മധ്യപ്രദേശ് സർക്കാരിന്റെ ആലോചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വപ്‍ന പദ്ധതികളിലൊന്നായി വിശേപ്പിച്ചുകൊണ്ട് 2016ലാണ് പ്രധാന മന്ത്രി ഫസൽ ഭീമ യോജന പ്രഖ്യാപിച്ചത്. കുറഞ്ഞ പ്രീമിയം നിരക്കില്‍ വിളകൾക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന അവകാശവാദത്തോടെ ആരംഭിച്ച പദ്ധതിയുടെ ഗുണഭോക്താക്കാൾ കർഷകരല്ല പകരം ഇൻഷുറൻസ് കമ്പനികൾ ആയിരിക്കുമെന്നും വിമർശിക്കപ്പെട്ടിരുന്നു.

ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന നിലപാടാണ് ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് എല്ലാ കർഷകർക്കും ഗുണം ചെയ്യുന്നില്ലെന്നും പദ്ധതിയുടെ ഗുണം സ്വകാര്യ ഇൻഷുറൻസ്കമ്പനികൾക്കാണെന്നുമാണ് സംസ്ഥാന കൃഷി മന്ത്രി കമൽ പട്ടേലിന്റെ അഭിപ്രായം.

സംസ്ഥാനത്തെ 1 കോടി കർഷകരിൽ 35 ലക്ഷം പേർ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ലോണെടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്ത കർഷകർ പദ്ധതിക്ക് പുറത്താവുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വർഷം ഇൻഷുറൻസ് കമ്പനികൾക്ക് പ്രീമിയം തുകയായി ലഭിച്ചത് 5000 കോടി രൂപയാണ്.

എന്നാൽ ഇതിൽ കർഷകർക്ക് ഇൻഷുറൻസ് തുകയായി ലഭിച്ചത് 3000കോടി മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര പദ്ധതി പരാജയമായ പശ്ചാത്തലത്തിൽ സ്വന്തം നിലയിൽ വിള ഇൻഷുറൻസ് പദ്ധതി തുടങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. കേന്ദ്ര പദ്ധതിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി ഫസൽ ഭീമ യോജന നടപ്പാക്കാനാണ് ശ്രമമെന്ന് കൃഷി മന്ത്രി പറഞ്ഞു.

വിളകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കാൻ സ്വന്തമായ പദ്ധതികൾ പരിഗണനയിൽ ഉണ്ടെങ്കിൽ കേന്ദ്ര പദ്ധതിയിൽ നിന്ന് ഒഴിവാകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാകും മധ്യപ്രദേശ് പുതിയ പദ്ധതി കൊണ്ടുവരിക.

പദ്ധതി ആരംഭിച്ച് നാല് വർഷത്തിനിടെ തന്നെ സംസ്ഥാനങ്ങൾക്ക് പദ്ധതിക്ക് പുറത്തുപോകാനും സ്വന്തം നിലയിൽ പദ്ധതി ആരംഭിക്കാനും അനുമതി നൽകിയത് കേന്ദ്ര സർക്കാർ തന്നെ പദ്ധതി പരാജയമാണെന്ന് സമ്മതിച്ചതിനാലാണെന്ന് അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതി അഴിമതിയാണ്. ഇത് അന്വേഷിക്കണം,പാർലമെന്റ് ചർച്ച ചെയ്യണം.സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് എത്ര പണം പദ്ധതിയിലൂടെ ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here