‘എനിക്ക് ശ്വാസം മുട്ടുന്നു’; ആളിക്കത്തി അമേരിക്കന്‍ തെരുവുകള്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രതിഷേധം കത്തുകയാണ്. അറ്റ്‌ലാന്റ, കെന്റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ആറാം ദിനവും പ്രതിഷേധം ആളിക്കത്തുകയാണ്.

അതേസമയം അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്.

വെള്ളിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയതോടെയാണ് ട്രംപിനെ മാറ്റിയത്. ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്.

തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്.ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. അതേസമയം മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

അതേസമയം ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധം ശക്തമാവുകയാണ്. ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.മുദ്രാവാക്യം വിളിച്ചും പ്രതിഷേധകര്‍ രംഗത്തെത്തിയതോടെയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.

ആളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആറ് ദിവസമായി തുടരുന്ന പ്രതിഷേധം ഞായറാഴ്ചയോടെ തലസ്ഥാനത്ത് കൂടുതല്‍ ശക്തമാകുകയായിരുന്നു. തലസ്ഥാനമായ വാഷിംഗ്ടണിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. വാഷിങ്ടണിലടക്കം യുഎസിലെ 40ഓളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയിലെമ്പാടും ഉയരുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഹോളിവുഡിലെയും കായികലോകത്തെയും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.

സംവിധായകരായ സാഫ്ഡീ സഹോദരങ്ങള്‍ ജോഷ്വായും ബെഞ്ചമിനും, കനേഡിയന്‍ നടനും എഴുത്തുകാരനുമായ സേത് റോജന്‍, സംവിധായക അവ ഡു വെര്‍ണയ്, മോഡല്‍ ക്രിസി ടെയ്ഗന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ 1400ഓളം പേര്‍ക്ക് നിയമസഹായത്തിന് പണം വാഗ്ദാനം ചെയ്തു.

പോപ് ഗായകന്‍ ഹാല്‍സേ, നടനും സംവിധാകനുമായ സ്റ്റീവ് കാരല്‍, നടന്മാരായ ബെന്‍ പ്ലാറ്റ്, ബെന്‍ ഷ്വാട്സ്, നടി അബ്ബി ജേക്കബ്സ് എന്നിവരും ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്.

വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.നീതിക്കായി അമേരിക്കയിലെ തെരുവുകള്‍ അലറിവിളക്കുന്നതിന്റെ പ്രതിധ്വനികള്‍ ലോകമെമ്പാടും അലയടിക്കുകയാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News