കാലവര്‍ഷം എത്തി: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രണ്ടു ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരും. ഇന്നും നാളെയും കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ജൂണ്‍ 5ന് എത്തുമെന്ന് പ്രതീക്ഷിച്ച കാലവര്‍ഷമാണ് സംസ്ഥാനത്ത് ജൂണ്‍ ഒന്നിനെത്തിത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലവും കാലവര്‍ഷം എത്തിയതിന്റെ ഭാഗമായും കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കും. ഉത്തര കേരളത്തിലായിരിക്കും മഴ ശക്തിപ്പെടാന്‍ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലേട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 60 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News