കൊവിഡ്19 വൈറസിന്റെ റീപ്രൊഡക്ടീവ്‌ റേറ്റ് മൂന്നാണ്; കേരളത്തില്‍ ഇത് 0.45 ആക്കി നിര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി.

ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നൽ നൽകി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാൽ മികവറിയാം. ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്.

ലോകത്തിൽ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തിൽ ആദ്യ മൂന്ന് കേസ് വുഹാനിൽ നിന്നെത്തി. ഇവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു.

ഇന്ത്യയിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങ്ങിന്‍റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മൾ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏർപ്പെടുത്തി.

അടുത്ത ഘട്ടത്തിൽ കേരളത്തിലെ കൊവിഡ് കേസുകളിൽ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പർക്കത്തിലൂടെയും ഉണ്ടായി.

ഈ സാഹചര്യത്തിൽ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പർ 0.45 ആക്കി നിലനിർത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.

മറിച്ചായിരുന്നു അവസ്ഥയെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയൽ ഇൻ്റർവെൽ അഞ്ച് ദിവസമാണ്. രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാൻ വേണ്ട സമയമാണിത്.

കേരളത്തിലേത് മൂന്നാണെന്ന് കരുതിയാൽ കേരളത്തിലെ 670 കേസുകൾ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താൽ മരണനിരക്ക് 250 കവിയും. കേരളത്തിൽ അതല്ല സംഭവിച്ചത്.

അതിന് കാരണം രോഗം തടയാൻ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News