മലയാള സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: മലയാള സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍. തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍ റിലീസിങ്ങിന് താത്പര്യമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചത്. വിജയ് ബാബുവിന്റെ സൂഫിയും സുജാതയ്ക്കും പിന്നാലെ രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ ഒ.ടി.ടി. റിലീസിന് താല്‍പര്യം കാണിച്ചിട്ടുള്ളത്.

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. തീയേറ്ററുകള്‍ അനന്തമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പല പ്രമുഖ നിര്‍മ്മാതാക്കളും ഒടിടി റിലീസിന് താല്‍പര്യം കാണിച്ചിരുന്നു.

നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന നിര്‍മ്മാതാക്കളുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ ഭീഷണി മുഴക്കിയതോടെ ഭൂരിഭാഗം പേരും നിലപാട് മാറ്റിയിരിക്കുകയാണ്.

ചിത്രീകരണം നടന്നുവരുന്ന 66 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കളോട് ഒടിടി റിലീസാണോ തീയേറ്റര്‍ റിലീസാണോ ഉദ്ദേശിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തിലൂടെ ചോദിച്ചിരുന്നു. രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രമാണ് ഓണ്‍ലൈന്‍ റിലീസിന് താല്‍പര്യം പ്രകടിപ്പിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച തുക ഒടിടി പ്ലാറ്റ്‌ഫോമില്‍ കിട്ടില്ലെന്നതിനാല്‍ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം പിന്മാറി.

തീയേറ്റര്‍ ഉടമകളെ പിണക്കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കാരണമായി. ഇതോടെ കഴിഞ്ഞ ഒരു മാസമായി മലയാള സിനിമയില്‍ കത്തിനിന്ന ഓണ്‍ലൈന്‍ റിലീസ് വിവാദത്തിനും താല്‍ക്കാലിക ശമനം. തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്ത ദിവസം തന്നെ ഫിലിം ചേംബറിനെയും തീയേറ്റര്‍ ഉടമകളെയും അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News