കാല് കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഭിന്ന ശേഷിക്കാരായ സഹോദങ്ങളെ കേരളം മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷത്തിനിപ്പുറം ഇലക്ട്രോണിക് വീൽ ചെയർ സ്വന്തമാക്കണമെന്ന അവരുടെ സ്വപ്നം സർക്കാർ സാധ്യമാക്കി. സാമൂഹ്യ നീതി വകുപ്പാണ് ചലന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് വീൽ ചെയർ ഇവർക്കായി നൽകിയത്.
“ഇങ്ങനെയൊരു സർക്കാരും മുഖ്യമന്ത്രിയും അഭിമാനമാണ്. ” ഇലക്ട്രോണിക് വീൽ ചെയർ ഏറ്റുവാങ്ങി ഉനൈസും സഹോദരൻ അൻസാബും പറയുന്നു. ചലന സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഇലക്ട്രോണിക് വീൽ ചെയർ സ്വന്തമാക്കണമെന്നത് ശാരീരിക വൈകല്യമുള്ള ചെർപ്പുളശ്ശേരി തൃക്കടീരിയിലെ സഹോദരങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു.
പി കെ ശശി എം എൽ എ ഭിന്നശേഷിക്കാരായ സഹോദരങ്ങളുടെ ആഗ്രഹം സർക്കാരിൻ്റെ ശ്രദ്ധയിലെത്തിച്ചു. തുടർന്ന് കേരളാ സാമൂഹ്യ സുരക്ഷ മിഷൻ്റെ വി കെയർ പദ്ധതിയിലൂടെയാണ് സർക്കാർ ഇവർക്കായി ഇലക്ട്രോണിക് വീൽചെയർ സമ്മാനിച്ചത്.
ഇലക്ട്രോണിക് വീൽ ചെയറിന് 1 ലക്ഷം 28000 രൂപയാണ് വില. രണ്ടര വർഷം മുമ്പ് ചെർപ്പുളശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ കെട്ടിടോദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയപ്പോൾ ഇവർ കാത്തിരുന്ന് ഒപ്പം സെൽഫിയെടുത്തത് വൈറലായിരുന്നു.
ഉനൈസ് കാല് കൊണ്ടെടുത്ത ചിത്രം മുഖ്യമന്ത്രി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സെൽഫിയെടുക്കണമെന്ന സ്വപ്നം അന്ന് പൂവണിഞ്ഞു. ഇപ്പോൾ സർക്കാരിൻ്റെ കരുതലിൽ സ്വന്തമായി ഇലക്ട്രോണിക് വീൽ ചെയറെന്ന സ്വപ്നവും..

Get real time update about this post categories directly on your device, subscribe now.