കൊവിഡ്‌ കാലത്തെ പാർടി പ്രവർത്തനം- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

മഹാമാരികളുണ്ടായ എല്ലാ കാലത്തും ജനങ്ങൾക്ക്‌ സഹായം നൽകാൻ കമ്യൂണിസ്റ്റ്‌ പാർടി സജീവമായി മുന്നോട്ടുവന്നിട്ടുണ്ട്‌. പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം അവർക്ക്‌ ആവശ്യമായ സഹായം നൽകാനും രാഷ്ട്രീയസംഘടനാ പ്രവർത്തനങ്ങൾ സാധ്യമായ നിലയിൽ തുടർന്നുകൊണ്ടുപോകാനും പാർടി ശ്രദ്ധിച്ചിരുന്നു. 1940കളിൽ പകർച്ചവ്യാധികളായ കോളറയും വസൂരിയും കേരളത്തിൽ വ്യാപകമായി പരക്കുകയുണ്ടായി.

അവയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ പാർടി പങ്കെടുത്തു. അന്ന്‌ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി ‘ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർടിയുടെ ചരിത്രം’ എന്ന പുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ‘‘കോളറയും വസൂരിയും പോലുള്ളവ വ്യാപകമായി പ്രചരിച്ച കാലമായിരുന്നു അത്‌. അതിനെതിരെ പ്രതിരോധ പ്രചാരണവുമായി പാർടി രംഗത്തിറങ്ങി.

ഇത്തരം രോഗം ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും കുത്തിവയ്‌പാണ്‌ രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മുൻകരുതലുമെന്ന്‌ ജനങ്ങളുടെ ഇടയിൽ പ്രചാരണം നടത്തണമെന്നും നിർദേശിച്ചു. രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗിയെ മാറ്റിത്താമസിപ്പിക്കാൻ വീട്ടുകാരോട്‌ അഭ്യർഥിക്കാൻ പാർടിപ്രവർത്തകർ തയ്യാറാകണമെന്നും മേൽകമ്മിറ്റി അറിയിച്ചു.

ഇത്തരം സംഭവങ്ങളെല്ലാം ദേശാഭിമാനിക്ക്‌ റിപ്പോർട്ട്‌ ചെയ്യണമെന്നും പാർടികമ്മിറ്റി നിർദേശിക്കുകയുണ്ടായി. ഭക്ഷണസാധനങ്ങൾ കൂടുതൽ കൃഷിചെയ്‌തുണ്ടാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും വൻകിട കച്ചവടക്കാരുടെ കൊള്ളയിൽനിന്ന് രാജ്യത്തെ രക്ഷിക്കുവാനും നാടുനീളെ സംഘടിതമായ പ്രചാരവേല നടത്തുവാനും പൊതുയോഗങ്ങൾ നടത്തുവാനും ലഘുലേഖകൾ അച്ചടിച്ച്‌ ഓരോ വീടുകളിലുമെത്തിക്കാനും പാർടി ശ്രമിച്ചു’’ (പേജ്‌ 89).

രണ്ട്‌ സ്വഭാവത്തിലുള്ള പ്രവർത്തനങ്ങളാണ്‌ പാർടി അന്ന്‌ നടത്തിയതെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. രോഗത്തെ പ്രതിരോധിക്കാനും ജനങ്ങളെ സഹായിക്കാനും നടത്തിയ പ്രവർത്തനങ്ങളാണ്‌ ഒന്ന്‌. അതോടൊപ്പം പാർടിയുടെ രാഷ്ട്രീയസംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയിരുന്നു എന്ന കാര്യമാണ്‌ രണ്ടാമത്തേത്‌.
കോവിഡ്‌‐19 എന്ന പുതിയ മഹാമാരിയുടെ കടുത്ത ഭീഷണി മനുഷ്യസമൂഹത്തിനെതിരെ ഉയർന്നുവന്നിരിക്കുന്നു. 213 രാജ്യത്തിൽ കോവിഡ്‌‐19 വ്യാപിച്ചുകഴിഞ്ഞു.

ഈ ലേഖനം എഴുതുന്ന സമയത്ത്‌ അറുപത്തിരണ്ട്‌ ലക്ഷത്തി അറുപത്തിമൂവായിരത്തി അറുപത്തിനാല്‌ പേരെ മഹാമാരി പിടികൂടിയതായി ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നു. ഇതിനകം മൂന്നുലക്ഷത്തി എഴുപത്തിമൂന്നായിരത്തി എണ്ണൂറ്റി അമ്പെത്തെട്ടുപേർ രോഗം ബാധിച്ചു‌ മരണമടഞ്ഞു. ചൈനയിലെ വുഹാനിൽനിന്ന്‌ 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിക്ക്‌ കാരണം പ്രത്യേകതരത്തിലുള്ള കൊറോണ വൈറസാണ്‌. ഈ വൈറസ്‌ അതിവേഗം പകരുന്ന സ്വഭാവമുള്ളതാണ്‌.

പ്രായമേറിയവർ, പ്രമേഹം, രക്താതിസമ്മർദം, ഹൃദ്‌രോഗം, ക്യാൻസർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക്‌ മരണസാധ്യത കൂടുതലാണ്‌. സാധാരണ ആരോഗ്യമുള്ളവരിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നുവരില്ല. കോവിഡ്‌‐19നെ തടയുന്ന വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. വൈറസ്‌ ഉയർത്തുന്ന അപകടത്തിന്റെ തീവ്രതയ്‌ക്ക്‌ കാരണവും ഇതാണ്‌.

വാക്‌സിനോ മരുന്നോ കണ്ടുപിടിക്കുന്നതിന്‌ 2021ന്റെ മധ്യം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌. ഇക്കാലമത്രയും അത്യന്തം അപകടകാരിയായ രോഗത്തോടൊപ്പം ജീവിക്കുവാനും പാർടിയുടെ രാഷ്ട്രീയസംഘടനാ പ്രവർത്തനം നടത്താനും പരിശീലനം നേടുകയെന്നതാണ്‌ നമ്മുടെ മുന്നിലുള്ള അടിയന്തരകടമ.

മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ലാത്തത്‌ കാരണം മറ്റുപല രോഗങ്ങളെയും പോലെ കോവിഡ്‌‐19നെ നിർമാർജനം ചെയ്യാൻ കഴിയുന്നില്ല. സമ്പർക്കം ഒഴിവാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാൻ മാത്രമാണ്‌ സാധിക്കുക. നിലവിലുള്ള ചികിത്സാസൗകര്യങ്ങൾക്ക്‌ വഹിക്കാനാകുംവിധം രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി നിർത്തുകയാണ്‌ നിയന്ത്രണത്തിന്റെ ലക്ഷ്യം. ചികിത്സാസൗകര്യങ്ങളുടെ പരിധിക്കപ്പുറത്തേക്ക്‌ രോഗികളുടെ എണ്ണം വർധിച്ചാൽ സ്ഥിതിഗതികൾ കൈവിട്ടുപോകും.

ചികിത്സാസൗകര്യങ്ങൾ വേണ്ടത്ര ഇല്ലാത്ത അവികസിതരാജ്യങ്ങളിൽ മാത്രമല്ല യൂറോപ്പിലും അമേരിക്കയിലുമുള്ള ഒട്ടനവധി വികസിതരാജ്യങ്ങളിലും അത്തരം സ്ഥിതിവിശേഷമുണ്ടായി. ആയിരക്കണക്കിന്‌ രോഗികൾ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കാനിടവന്നു. അവർക്ക്‌ ആശുപത്രികളിൽ കിടക്കകളോ വെന്റിലേറ്ററുകളോ ലഭിച്ചില്ല. ഇതെല്ലാം കണ്ട്‌ ആരോഗ്യപ്രവർത്തകർക്ക്‌ നിസ്സഹായരായി നിൽക്കേണ്ടിവന്നു.

രോഗവ്യാപനത്തെ നിയന്ത്രിച്ചുനിർത്താൻ കേരളത്തിന്‌ കഴിഞ്ഞു. രോഗത്തിന്റെ വ്യാപനവും ലോക്‌‌ഡൗണും കാരണം പ്രയാസമനുഭവിച്ച എല്ലാവർക്കും സഹായം നൽകുന്നതിനും കേരളത്തിലെ എൽഡിഎഫ്‌ ഗവൺമെന്റ്‌ മുന്നോട്ടുവന്നു. വികസ്വരമായ പൊതുജനാരോഗ്യ സംവിധാനം പ്രബുദ്ധരായ ജനങ്ങൾ, കാര്യക്ഷമമായ ഉദ്യോഗസ്ഥവിഭാഗം എന്നീ ഘടകങ്ങളെ അതിസമർഥമായി കോർത്തിണക്കി പ്രവർത്തിപ്പിക്കുന്ന കഴിവുറ്റ ഭരണനേതൃത്വം. ഇവയെല്ലാമാണ്‌ നമ്മുടെ അഭിമാനകരമായ നേട്ടങ്ങൾക്കടിസ്ഥാനം.

മൂന്ന്‌ ഘട്ടങ്ങൾ
കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ മൂന്ന്‌ ഘട്ടമായി വേർതിരിക്കാൻ കഴിയും. വുഹാനിൽനിന്ന്‌ വന്ന രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയതാണ്‌ ഒന്നാം ഘട്ടം. തുടർന്ന്‌ വിദേശങ്ങളിൽനിന്ന്‌ വന്ന രോഗികളിൽനിന്ന്‌ സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക്‌ വ്യാപിക്കാൻ തുടങ്ങി. ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നിയന്ത്രിച്ച കാലമാണ്‌ രണ്ടാമത്തെ ഘട്ടം.‌ സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നത്‌ നിയന്ത്രിക്കാനാണ്‌ ലോക്‌‌ഡൗൺ പ്രഖ്യാപിച്ചത്‌.

വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും രോഗികൾ കേരളത്തിലേക്ക്‌ വരുന്നത്‌ ലോക്‌‌ഡൗണിന്റെ ഫലമായി തടയപ്പെട്ടു. സംസ്ഥാനത്ത്‌ എത്തിച്ചേർന്ന രോഗികളെയും അവരുമായി സമ്പർക്കപ്പെട്ടതിലൂടെ രോഗം ബാധിച്ചവരെയും ചികിത്സിച്ച്‌ ഭേദപ്പെടുത്തുകയായിരുന്നു രണ്ടാം ഘട്ടത്തിലെ പ്രധാന ശ്രദ്ധ. അതോടൊപ്പം രോഗികളുമായി സമ്പർക്കമുണ്ടായി രോഗവ്യാപനം നടക്കുന്നത്‌ തടയുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിച്ചു.
അതിന്റെ ഫലമായി മെയ്‌ 1 ആയപ്പോഴേക്കും പുതുതായി ഒരു രോഗിയുമില്ലാത്ത നില കൈവരിക്കാൻ കഴിഞ്ഞു. രോഗവിമുക്തി നേടുന്നവരുടെ നാടായി കേരളം മാറി. ഈ ഫലപ്രദമായ പ്രവർത്തനസമ്പ്രദായമാണ്‌ ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ അംഗീകാരം കേരളത്തിന്‌ നേടിക്കൊടുത്തത്‌.

കേരളത്തിൽ രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവന്ന കാലത്ത്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലും ലോകത്തിലെ നിരവധി രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. മറുനാടുകളിൽ താമസിച്ചുവരുന്ന മലയാളികളാകെ സുരക്ഷിതമായ പ്രദേശം കേരളമാണെന്നുകണ്ട്‌ തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരും മുന്നോട്ടുവന്നു. മറുനാടൻ മലയാളികളായ അഞ്ചേകാൽ ലക്ഷത്തിലേറെപ്പേർ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ പേര്‌ രജിസ്റ്റർ ചെയ്യുകയുണ്ടായി.

അവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർ തിരികെവന്നു. ഇവരിൽ പകുതിയിലേറെപ്പേരും വന്നത്‌ റെഡ്‌ സോണുകളിൽനിന്നായിരുന്നു. വന്നവരിൽ ചിലർ രോഗബാധിതരായിരുന്നു. അവരുമായി കരുതലില്ലാതെ ബന്ധപ്പെട്ടവർക്കും രോഗബാധയുണ്ടായി. ഇതിന്റെ ഫലമായി രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. രോഗവ്യാപനം നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞതായിരുന്നു കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം. സമ്പർക്കം നിയന്ത്രിച്ചാണ്‌ നാമത്‌ നേടിയത്‌. അതോടൊപ്പം രോഗികളുണ്ടായാൽ അവരെ ചികിത്സിക്കാനാവശ്യമായ ആശുപത്രി സൗകര്യങ്ങളൊരുക്കാനും കഴിഞ്ഞു.

മരണനിരക്ക്‌ കുറഞ്ഞതിന്റെ പ്രധാന കാരണവും ഇതായിരുന്നു. എന്നാൽ, കോവിഡ്‌ പ്രതിരോധകാലത്തെ പ്രയാസകരമായ മൂന്നാം ഘട്ടത്തെയാണ്‌ ഇന്ന്‌ അഭിമുഖീകരിക്കുന്നത്‌. മടങ്ങിവരാൻ താൽപ്പര്യം പ്രകടിപ്പിച്ച നാലുലക്ഷത്തോളം പേർ ഇനിയെത്താനുണ്ട്‌. മടങ്ങിവരാൻ താൽപ്പര്യമുള്ളവരെ സന്തോഷപൂർവം സ്വീകരിക്കേണ്ടതുണ്ട്‌. ഇവരിൽ വലിയവിഭാഗം ആളുകൾ വരുന്നത്‌ റെഡ്‌ സോണുകളിൽനിന്നാണ്‌. അതുമാത്രമല്ല, ലോക്‌‌ഡൗൺകാലത്ത്‌ ചെയ്‌തതുപോലെ സാമ്പത്തികപ്രവർത്തനങ്ങൾ ദീർഘകാലം സ്‌തംഭിപ്പിച്ചുനിർത്താനാകില്ല.

പടിപടിയായി സാമ്പത്തികമേഖല തുറന്നുകൊണ്ടിരിക്കുകയാണ്‌. ലോക്‌‌ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയതും സാമ്പത്തികമേഖലകൾ തുറന്നതും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ശക്തിപ്പെടുത്താനിടവരുത്തും. മാറിക്കൊണ്ടിരിക്കുന്ന ഈ പരിതസ്ഥിതിയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ഒട്ടേറെ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. മൂന്നുമാസക്കാലത്തെ അനുഭവങ്ങൾ കോവിഡ്‌–-19ന്റെ വ്യാപനം തടയുന്നതിന്‌ എടുക്കേണ്ട നടപടികളെപ്പറ്റി ഒട്ടേറെ പുതിയ കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു. അവയെല്ലാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. ക്വാറന്റൈനിൽ ആരെല്ലാം പോകണമെന്നതിനെപ്പറ്റി ഗവൺമെന്റ്‌ പുറപ്പെടുവിച്ച അറിയിപ്പുകളുടെ ലക്ഷ്യം രോഗവ്യാപനം തടയുകയാണ്‌.

ശാരീരിക അകലം പാലിക്കുക, മാസ്‌ക്‌ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധാപൂർവം പാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും. ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾകൊണ്ടുമാത്രം ഇക്കാര്യങ്ങളെല്ലാം പൂർണമായി നടപ്പാക്കാൻ കഴിയില്ല. ജനങ്ങൾ സ്വമേധയാ ജീവിതത്തിന്റെ ഭാഗമായി ഇവയാകെ നടപ്പാക്കുന്ന സ്ഥിതിയുണ്ടാകണം. രോഗവ്യാപനം തടയാനും സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന സ്ഥിതി ഒഴിവാക്കാനും കഴിയണം. രോഗത്തിന്റെ പ്രത്യേകതകളെയും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന്യത്തെപ്പറ്റിയും പാർടി ജനങ്ങളുടെ ഇടയിൽ നടത്തുന്ന പ്രചാരണപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. ഇത്‌ പാർടി പ്രവർത്തനത്തിന്റെ ഭാഗമാകണം.

കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ രോഗവ്യാപനത്തെ സഹായിക്കുന്ന അപകടകരമായ നിലപാടുകളാണ്‌ എടുത്തുപോരുന്നത്‌. രോഗം വ്യാപിച്ചാൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം പരാജയപ്പെട്ടു എന്ന്‌ വിളിച്ചുകൂവാൻ അവസരം കിട്ടുമെന്നും അവർ കണക്കുകൂട്ടുന്നുണ്ടാകാം. ജനങ്ങളെ അപകടത്തിലാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകൾ തുറന്നുകാട്ടാനാകണം. കോവിഡ്‌–19ന്റെ വ്യാപനത്തെ തുടർന്നും ലോക്‌‌ഡൗണിന്റെ ഫലമായും പ്രയാസമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിലും പാർടി സജീവമാണ്‌. ഈ പ്രവർത്തനങ്ങളാകെ വിലയിരുത്തി കൂടുതൽ കാര്യക്ഷമമാക്കണം. എല്ലാ ഉൽപ്പാദനമേഖലകളുടെയും ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കുന്നതിലും പാർടിയുടെ ശ്രദ്ധയുണ്ടാകണം. കോവിഡ്‌–-19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽനിന്ന്‌‌ ജനങ്ങളെയും ഉൽപ്പാദനമേഖലകളെയും സംരക്ഷിക്കുന്നതിന്‌ കഴിയണം.

സാങ്കേതിക നേട്ടം ഉപയോഗപ്പെടുത്തുക
രോഗവ്യാപനം നടക്കുന്ന ഇന്നത്തെ പരിതഃസ്ഥിതിയിൽ സാധാരണ കാലത്ത്‌ നടത്തിവന്ന രാഷ്ട്രീയപ്രവർത്തനം അതുപോലെ തുടരുന്നതിന്‌ ഒട്ടേറെ പരിമിതിയുണ്ട്‌. കമ്മിറ്റികൾ ചേരുന്നതിനും ജനറൽ ബോഡികൾ, പാർടി ക്ലാസുകൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, സമരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലും പ്രയാസങ്ങളുണ്ടാകും. വാർത്താവിനിമയ രംഗത്തെ സാങ്കേതിക നേട്ടത്തെ ഉപയോഗപ്പെടുത്തി ഇന്നത്തെ പരിമിതികൾക്ക്‌ പരിഹാരം കാണാൻ കഴിയണം. പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താനുമാകണം.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ പാർടി പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാകണം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധയുണ്ടാകണം. മാവോ–-സേ–-തുങ്‌ ചൂണ്ടിക്കാണിച്ചതുപോലെ ജലത്തിലെ മത്സ്യമെന്നപോലെ പാർടി അംഗങ്ങൾ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കണം. ശാരീരിക അകലം പാലിച്ചുകൊണ്ട്‌ സാമൂഹ്യമായ ഒത്തൊരുമ ശക്തിപ്പെടുത്താനാകണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here