ഷോക്കടിപ്പിച്ചിട്ടും തലയ്ക്കടിച്ചിട്ടും മതിയായില്ല; കൊടും ക്രൂരത തെളിവുകള്‍ നശിപ്പിക്കാന്‍; മോഷ്ടാക്കള്‍ അടുത്തറിയാവുന്നവരെന്ന് പൊലീസ്

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയും ഷീബയും മാത്രമാണു താമസിക്കുന്നതെന്ന് അറിയാവുന്നവരാകും അക്രമികള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ 9 മണിയോടെയാകും കൊലപാതകം നടന്നിട്ടുണ്ടാവുകയെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. വീടിനു പുറത്തു കിടന്ന വാഗണ്‍ ആര്‍ കാറാണു കാണാതായത്.

രാവിലെ 10 മണിയോടെ ഷീബയുടെ വീട്ടിലെ കാര്‍ കുമരകം ഭാഗത്തേക്ക് പോയതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയ അക്രമിയാണ് കാര്‍ മോഷ്ടിച്ചതെന്ന പൊലീസ് നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കാർ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ചെക് പോസ്റ്റുകളിലും അതിർത്തികളിലും പരിശോധന ശക്തമാക്കി. കോട്ടയത്തും മറ്റിടങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി.

അക്രമികളെക്കുറിച്ചു നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന മുഹമ്മദ് സാലിയുടെ ആരോഗ്യനില വെല്ലുവിളിയെന്ന് പൊലീസ് പറയുന്നു. അബോധാവസ്ഥയിലുള്ള സാലിയെ ഇന്നലെ വൈകിട്ടു മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.

മകള്‍ വിവരം അറിയിച്ചതോടെ അയല്‍ക്കാരനെത്തി പരിശോധിച്ചപ്പോഴാണ് പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസ്സിലാക്കിയത്. ഉടന്‍ ത്‌ന്നെ ഇയാള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അകത്തേക്ക് നോക്കിയപ്പോള്‍ വീടിനുള്ളില്‍ രക്തം തളം കെട്ടിയതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പുറത്ത് നിന്ന് പൂട്ടിയ വാതില്‍ വെട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു.

രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നിരുന്നതായി കണ്ടെത്തി. ഇവരുടെ കാലില്‍ കമ്പി ചുറ്റിയിരുന്നു. ഇവരുടെ ഭര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്. വീടിനുള്ളിലെ സ്വീകരണമുറിയിലാണ് ഒരു ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതായി കണ്ടെത്തിയത്. അലമാരയും വാരിവലിച്ചിട്ട നിലയിലായിരുന്നു.

വീടിനുള്ളില്‍ അക്രമം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് മോഷണ സാധ്യത പൊലീസ് സംശയിക്കുന്നത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

പ്രതികളുടെ ലക്ഷ്യം കവര്‍ച്ച തന്നെയായിരുന്നെന്നാണ് ബന്ധുക്കളുടെയും നിഗമനം. ഷീബയ്‌ക്കോ സാലിക്കോ ആരുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നതും സാമ്പത്തിക ഭദ്രതയും ഇതിന് കാരണമായി ബന്ധുക്കള്‍ പറയുന്നു. ഷീബയുടെ സ്വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here