മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ നഗരത്തിന്റെ പ്രതിസന്ധി മറി മടക്കാൻ കൂടുതൽ അത്യാഹിത വിഭാഗങ്ങളും ആരോഗ്യ പ്രവർത്തകരും അനിവാര്യമെന്ന് സംഘത്തെ നയിക്കുന്ന ഡോ സന്തോഷ്‌കുമാർ പറഞ്ഞു.

മുംബൈ നഗരം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നഗരത്തിന് സഹായഹസ്തവുമായി കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തിയിരിക്കുന്നത്.

എന്നാൽ നിലവിലെ അവസ്ഥയിൽ കൂടുതൽ ഇന്റെൻസീവ് കെയർ യൂണിറ്റുകളും ആരോഗ്യ പ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കേണ്ടതുണ്ടെന്നു മൂന്ന് ദിവസമായി മുംബൈയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ഡോ സന്തോഷ്‌കുമാർ അറിയിച്ചു.

ദിവസേന ആയിരക്കണക്കിന് രോഗബാധിതരാണ് നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നതെന്നും ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണവും വളരെ കൂടുതലാണെന്നും വെന്റിലേറ്റർ സംവിധാനങ്ങളോടെയുള്ള കൂടുതൽ കിടക്കകളും ആരോഗ്യ പ്രവർത്തകരും ഉണ്ടെങ്കിൽ മാത്രമാണ് ഇത്രയധികം രോഗികളെ പരിചരിക്കുവാൻ നഗരത്തിന് കഴിയുകയുള്ളൂവെന്നും ഡോക്ടർ പറഞ്ഞു.

മുംബൈയിലെ ചില ആശുപത്രികളിൽ ആദ്യ കാലങ്ങളിൽ ഉണ്ടായ തിക്താനുഭവങ്ങൾ കാരണം നഗരത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ നില നിൽക്കുന്ന ഭീതിയാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും വലിയ തോതിലുള്ള അഭാവത്തിന് കാരണമായി ഡോ സന്തോഷ്‌കുമാർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ നിലവിലെ സ്ഥിതി അങ്ങിനെയല്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സെവൻ ഹിൽസ് ഹോസ്പിറ്റലിൽ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അത്യാഹിത വിഭാഗങ്ങളിൽ കൂടുതൽ നഴ്സുമാരെ ആവശ്യമുണ്ടെന്നും രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും കടമായെന്നും ഡോക്ടർ പറഞ്ഞു. ഇതിനായി ആരോഗ്യ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരളത്തിൽ നിന്ന് 50 ഡോക്ടമാരും നൂറിലധികം നഴ്സുമാരുമാണ് നഗരത്തിലെത്തുന്നത്. നിലവിലെ അവസ്ഥയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം അനിവാര്യമാണെന്ന് മെഡിക്കൽ സംഘം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here