ഉത്രയെ കടിപ്പിച്ചത് പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷം

ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുപറഞ്ഞ് സൂരജ്. പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട് കയ്യിൽ
കടിപ്പിച്ചതെന്ന് പ്രതി സൂരജ്.

കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയിൽ അരണ്ട വെളിച്ചത്തിൽ. അതേ സമയം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സൂരജിന്റെ അമ്മയേയും,സഹോദരിയേയും ചോദ്യം ചെയ്തു വിട്ടയച്ചു.

ഏപ്രിൽ 24 മുതൽ മേയ് 6 വരെ കുപ്പിക്കുള്ളിലായിരുന്ന മൂർഖൻ പാമ്പിനെ ഉത്രയുടെ ശരീരത്തിൽ തുറന്നു വിട്ടയുടൻ പാമ്പ് തന്റെ നേരെ ചീറ്റുകയും ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്ന് പ്രതി സൂരജ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പ‌ാമ്പിന്റെ ചീറ്റലിൽ താൻ ഭയന്നു വിറച്ചു പോയെന്നും പ്രതി അന്വേഷണസംഘത്തോടു പറഞ്ഞു. ഉത്രയുടെ നേർക്ക് പാമ്പിനെ വലിച്ചെറിയുകയായിരുന്നുവെന്ന ആദ്യ മൊഴി കളവെന്ന് ഇതോടെ ബോധ്യമായി.

അതേ സമയം മൂന്നു തവണയാണ് താൻ കെണി ഒരുക്കിയതെന്നും പക്ഷെ മൂന്നാം തവണ പ്ലാൻ വിജയിച്ചുവെന്നും പ്രതി പറഞ്ഞു. ഫെബ്രുവരി 29 ന് സ്റ്റെയർകേസിൽ അണലിയെ ഇട്ടശേഷം ഉത്രയോട് മുകൾ നിലയിൽ നിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു അന്നു പക്ഷെ ഉത്ര നിലവിളിച്ചതോടെ ചേരയായിരുന്നു എന്ന് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കിലാക്കി മാറ്റി.

ഇതേ പാമ്പിനെയാണ് രണ്ടാം ഊഴമായ മാർച്ച് രണ്ടിന് കടിപ്പിച്ചത്.ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ച ശേഷം ഉത്തരയുടെ പുറത്ത് വെച്ച് ചാക്കു തുറന്നപ്പോഴായിരുന്നു അണലി ഉത്തരയുടെ കാലിൽ കടിച്ചതെന്നും പ്രതി പറഞ്ഞു.

മൂർഖനെ കൊണ്ട് കടിപ്പിച്ചത് മേയ് 7 ന് രാത്രി 12 നും 12.30 നും ഇടയിൽ അതും അരണ്ട വെളിച്ചത്തിൽ. അണലിയെ കൊണ്ട് കടിപ്പിച്ചത് മാർച്ച് 2 ന് രാത്രി 12.45 നും മെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here