സമരക്കാര്‍ക്കെതിരെ പ്രകോപനവുമായി വീണ്ടും ട്രംപ്; ‘സൈന്യത്തെ ഇറക്കി പ്രതിരോധിക്കും’

അമേരിക്കയിൽ കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ നിയോഗിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി.

പ്രതിഷേധക്കാരെ നേരിടാൻ താൻ കനത്ത തോതിൽ ആയുധസജ്ജരായ ആയിരമായിരം പട്ടാളക്കാരെയും നിയമപാലന ഉദ്യോഗസ്ഥരെയും അയക്കുകയാണെന്നും തിങ്കളാഴ്‌ച രാഷ്‌ട്രത്തോട്‌ നടത്തിയ പ്രസംഗത്തിൽ ട്രംപ്‌ പ്രഖ്യാപിച്ചു.

സംസ്ഥാന ഗവർണർമാരെയും മേയർമാരെയും കഴിവുകെട്ട ദുർബലരെന്ന്‌ ട്രംപ്‌ ആക്ഷേപിച്ചു. ആവശ്യത്തിന്‌ നാഷണൽ ഗാർഡുമാരെ വിന്യസിക്കാൻ ഗവർണർമാരോട്‌ ശക്തമായി ശുപാർശ ചെയ്‌തിട്ടുണ്ട്‌.

അക്രമം അടിച്ചമർത്തുന്നതുവരെ ഗവർണർമാരും മേയർമാരും നിയമപാലനസേനയുടെ സാന്നിധ്യം ഉറപ്പാക്കണം. ഏതെങ്കിലും സംസ്ഥാനമോ നഗരമോ അതിന്‌ വിസമ്മതിച്ചാൽ പട്ടാളത്തെ ഇറക്കി വേഗംതന്നെ പ്രശ്‌നം പരിഹരിക്കും.

‘ഇവിടെ തലസ്ഥാനത്ത്‌ ലിങ്കൻ സ്‌മാരകവും രണ്ടാംലോക യുദ്ധസ്‌മാരകവും നശിപ്പിച്ചു. ഏറ്റവും ചരിത്രപ്രാധാന്യമുള്ള പള്ളികളിൽ ഒന്നിന്‌ നാശമുണ്ടാക്കി. വളരെ സവിശേഷമായ ഒരു സ്ഥലത്ത്‌ ആദരവർപ്പിക്കാൻ ഞാൻ പോകുകയാണ്‌’ എന്ന്‌ പ്രഖ്യാപിച്ചശേഷം വൈറ്റ്‌ഹൗസിന്‌ സമീപത്തെ സെന്റ്‌ജോൺസ്‌ എപിസ്‌കോപ്പൽ പള്ളി ട്രംപ്‌ സന്ദർശിച്ചു.

ട്രംപിന്റെ സന്ദർശനത്തിനുവേണ്ടി പൊലീസുകാർ പള്ളിയിലേക്കുള്ള വഴിയിലെ ലാഫിയാത്ത്‌ പാർക്കിൽനിന്ന്‌ പ്രക്ഷോഭകരെ കണ്ണീർവാതകവും റബർ ബുള്ളറ്റും ഉപയോഗിച്ച്‌ ഒഴിപ്പിച്ചു.

ട്രംപിനെ ഉദ്ദേശിച്ച്‌, ‘ചെകുത്താൻ തെരുവിനപ്പുറത്താണ്‌’ എന്ന്‌ പള്ളിയുടെ ചുവരിൽ പ്രക്ഷോഭകർ പെയിന്റടിച്ചിരുന്നു.

കൈയിൽ ബൈബിളുമായി സീക്രട്ട്‌ സർവീസ്‌ ഏജന്റുമാരുടെ വൻ അകമ്പടിയോടെയാണ്‌ ട്രംപ്‌ പള്ളിയിൽ എത്തിയത്‌. രാഷ്‌ട്രീയാവശ്യത്തിന്‌ ബൈബിൾ ഉപയോഗിച്ചതിനെ വാഷിങ്‌ടൺ രൂപതാ ബിഷപ് മാരിയാൻ ബുഡ്ഡെയടക്കം വിവിധ ആത്മീയ നേതാക്കൾ വിമർശിച്ചു.

ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. നൂറ്റമ്പതോളം നഗരങ്ങളിൽ വൻപ്രതിഷേധം തുടരുന്നു. ആറ്‌ സംസ്ഥാനത്തിലും 13 പ്രധാന നഗരത്തിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്‌.

സൈന്യത്തിനുകീഴിലുള്ള 67000 നാഷണൽ ഗാർഡുമാരെ രാജ്യത്താകെ വിന്യസിച്ചിട്ടുണ്ട്‌. നാലായിരത്തിലധികം പേരെ അറസ്‌റ്റ്‌ ചെയ്‌തു. ഫാസിസ്‌റ്റ്‌ വിരുദ്ധ ഇടതുപക്ഷ കൂട്ടായ്‌മയായ ആന്റിഫായാണ്‌ അക്രമങ്ങൾക്ക്‌ പിന്നിലെന്ന്‌ കഴിഞ്ഞദിവസംആരോപിച്ച ട്രംപ്‌ അവരെ ആഭ്യന്തര ഭീകരരായി പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News