ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കി

ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകി.

ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഇ- ഫയലിംഗ് ആയതിനാൽ കോടതി കുറ്റപത്രം സ്വീകരിക്കുന്നത് മാറ്റി വച്ചു. കോടതി കുറ്റപത്രം സ്വീകരിച്ചാൽ കേസിൽ വൈകാതെ വിചാരണ ആരംഭിക്കും

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ പി ചിദംബരം അനുമതി നൽകിയിരുന്നു.

ഇതിന് പ്രതിഫലമായി ലഭിച്ച കള്ളപ്പണം ചിദംബരവും മകൻ കാർത്തി ചിദംബരവും വെളുപ്പിച്ചു എന്നാണ് ഇരുവർക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് കേസ്. ഈ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരുവർക്കുമെതിരെ കുറ്റപത്രം നൽകിയത്.

എൻഫോഴ്‌സ്‌മെന്റിന്റെ കേസിൽ ഫയൽ ചെയ്ത ആദ്യ കുറ്റപത്രമാണിത്. ഇ ഫയലിംഗ് സൗകര്യം വഴിയാണ് കുറ്റപത്രം നൽകിയത്. എന്നാൽ കോടതി കുറ്റപത്രം സ്വീകരിക്കുന്നത് മാറ്റി വച്ചു.

കോടതി പ്രവർത്തങ്ങൾ സാധാരണ ഗതിയിൽ ആകും വരെ കാത്ത് നിൽക്കാൻ ഇ ഡിക്ക് പ്രത്യേക കോടതി ജഡ്ജി അജയ് കുമാർ കുഹാർ നിർദേശം നൽകി.

കോടതി കുറ്റപത്രം സ്വീകരിച്ചാൽ കേസിൽ വിചാരണ ആരംഭിക്കും.2019 ഒക്ടോബർ 16നാണ് കേസിൽ ചിദംബരത്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

ഐ എൻ എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിനും മകനുമെതിരെ സിബിഐയും കേസ് എടുത്തിട്ടുണ്ട്.

ഈ കേസിൽ കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ ഏജൻസി ഇരുവർക്കും എതിരായ കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലും ഇരുവരും നിലവിൽ ജാമ്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News