ദേവികയുടെ മരണം ദുഖകരം; ടിവിയോ ഫോണോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും ക്ലാസ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവിക പഠിച്ച സ്‌കൂളില്‍ 25 കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്, ടിവി സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ക്ലാസധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നതുമാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവികയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതിനാല്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. പഞ്ചായത്ത് യോഗത്തില്‍ എല്ലാ വാര്‍ഡിലെയും കുട്ടികളുടെ പ്രശ്‌നം പരിഹരിക്കാന്‍ പരിപാടി തയ്യാറാക്കി. പിടിഎയും കുട്ടികള്‍ക്ക് ഇന്റര്‍നെറ്റും ടിവിയും ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ ഒന്നുമുതല്‍ 12ാം ക്ലാസ് വരെയുള്ളത്. പ്ലസ് വണ്‍ ഒഴികെയുള്ള കണക്കാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.

വിക്ടേഴ്‌സ് ചാനല്‍ വഴിയും സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയും കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യത ലഭിച്ചു. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് പ്രതികരണത്തില്‍ നിന്ന് മനസിലായി.

ഇതാദ്യമായാണ് ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോള്‍ തന്നെ എത്ര കുട്ടികള്‍ക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാന്‍ തീരുമാനിച്ചു. 26,1784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. സര്‍ക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാനാകുമെന്ന ഉറപ്പുണ്ട്.

ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവിയും സ്മാര്‍ട്ട്‌ഫോണും ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി. ക്ലാസ് ലഭിക്കാത്ത കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും എല്ലാ നേതൃത്വത്തില്‍ വിവിധ പരിശ്രമങ്ങള്‍ നടക്കുന്നു. എല്ലാ എംഎല്‍എമാരുടെയും പിന്തുണ ഇക്കാര്യത്തില്‍ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു.

പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ബെവ്‌കോ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവികള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചു. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു.

ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ്. എല്ലാ കുട്ടികളെയും അപ്പോഴേക്കും ഇതിന്റെ ഭാഗമാക്കാനാവും. ഓണ്‍ലൈന്‍ ക്ലാസുകള്‍ താത്കാലിക പഠന സൗകര്യമാണ്. മഹാമാരിയെ നേരിടുന്ന നാട് എത്ര കാലം കൊണ്ട് പൂര്‍വ്വ സ്ഥിതിയിലാകുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. പഠനം ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത്. അതിനവസരം വന്നാല്‍ അപ്പോള്‍ തന്നെ സാധാരണ നിലയില്‍ ക്ലാസ് ആരംഭിക്കും.

സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഈ പരിപാടി കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ലക്ഷ്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാതെ ചില വിമര്‍ശനം ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് വീണ്ടും കാണാനാവുന്ന നിലയില്‍ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വീഡിയോ ലഭിക്കും. കുട്ടികള്‍ക്കും ക്ലാസ് നഷ്ടപ്പെടില്ല.

ഇപ്പോള്‍ ടിവിയോ മൊബൈല്‍ ഫോണോ ഇല്ലെന്ന പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രെയലായി പ്രദര്‍ശിപ്പിക്കുന്ന പാഠഭാഗങ്ങള്‍ പുനസംപ്രേഷണം ചെയ്യും. ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി എന്നിവിടങ്ങളില്‍ ഓഫ് ലൈന്‍ പഠന സൗകര്യം ലഭ്യമാക്കും. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ പഠന സൗകര്യം ലഭ്യമാക്കും. ടിവി കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്ര ശിക്ഷ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കും എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News