
കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
താഴത്തങ്ങാടി സ്വദേശി 23 കാരനായ മുഹമദ് ബിലാല്‍ ആണ് പൊലീസിന്റെ പിടിയിലായത്. മോഷണശ്രമമാണ് കൊലപാതക കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ആക്രമിക്കപ്പെട്ട ദമ്പതികളുടെ അയല്‍വാസിയായ യുവാവാണ് അറസ്റ്റിലായത്. 23 വയസുള്ള താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ഇന്നലെ വൈകിട്ടോടെ പോലീസ് പിടിയിലാവുകയായിരുന്നു. രാത്രി ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച കാറുമായി പ്രതി ചെങ്ങളത്തെ പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. മോഷണശ്രമമായിരുന്നു കൊലയ്ക്കു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇവരുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് പ്രതി. വീട്ടിലെത്തി ഭക്ഷണം വാങ്ങി കഴിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ആദ്യം സാലിയെ ടീപ്പോയെടുത്ത് അടിച്ചുവീഴ്ത്തി. ഇതു കണ്ട് ഓടിയെത്തിയ ഭാര്യ ഷീബയെയും ആക്രമിച്ചു.
നേരത്തെ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മുഹമ്മദ് ബിലാല്‍ കൈയില്‍ കരുതിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇരുവരുടെയും കൈകള്‍ ബന്ധിക്കുകയും വൈദ്യുതാഘാതമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പിന്നീട് ഗ്യാസ് തുറന്നു വിട്ട ശേഷം താക്കോല്‍ കൈക്കലാക്കി മുറ്റത്തു കിടന്ന കാറുമായി രക്ഷപെടുകയായിരുന്നു. ആറു സംഘങ്ങളായി തിരിഞ്ഞ് കോട്ടയം പോലീസ് നടത്തിയ ശ്രമമാണ് ഫലം കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here