ആര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടില്ല; സാമൂഹ്യപഠനമുറികള്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാവും

സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠന സൗകര്യം മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കുമെത്തിക്കാന്‍ അട്ടപ്പാടി മോഡല്‍. സാമൂഹ്യ പഠനമുറികളും കുടുംബശ്രീ ബ്രിഡ്ജ് സ്‌കൂളുമുള്‍പ്പെടെയുള്ളവ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന ക്ലാസ് സൗകര്യങ്ങളൊരുക്കുന്നത്.

അവധിയുടെയും ആശങ്കയുടെയും കാലം കടന്ന് അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ പഠന ലോകത്തേക്ക് കടക്കുകയാണ്. സൗകര്യമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടില്ല. ഊരുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി സര്‍ക്കാര്‍ നേരത്തെ ഒരുക്കിയ പൊതു ഇടമായ സാമൂഹ്യ പഠനമുറികള്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാവും. പഠനമുറികളില്‍ ടി വി യും കമ്പ്യൂട്ടറുകള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 18 ഊരുകളില്‍ നിലവില്‍ സാമൂഹ്യ പഠനമുറികളുണ്ട്.

സൗകര്യമില്ലാത്ത മറ്റു ഊരുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് കാണിക്കും. ഉള്‍പ്രദേശങ്ങളിലുള്ള ഊരുകളില്‍ പൊതു കേന്ദ്രങ്ങളില്‍ ടി വി സ്ഥാപിക്കും. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ടെലിവിഷനുകള്‍ തടസ്സമില്ലാതെ കാണാനായി സൗകര്യമൊരുക്കും.

അട്ടപ്പാടിയിലെ 192 ഊരുകളിലായി 4627 ആദിവാസി വിദ്യാര്‍ത്ഥികളുണ്ട്. ഇവരില്‍ ആയിരത്തോളം പേര്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സൗകര്യമൊരുക്കും.

കുടുംബശ്രീയുടെ ബാല വിഭവകേന്ദ്രം വഴി 98 ഊരുകളില്‍ ബ്രിഡ്ജ് സ്‌കൂളുകള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടികവര്‍ഗ്ഗവകുപ്പും വിദ്യാഭ്യസ വകുപ്പും സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here