ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ബിജെപി നീക്കം; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍; മനേകയുടെ പരാമര്‍ശം കരുതിക്കൂട്ടി, തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല: പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാലക്കാട് അമ്പലപ്പാറയില്‍ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍, മലപ്പുറം ജില്ലക്കെതിരെ ബിജെപി എംപി മനേക ഗാന്ധി നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍.

കേരളത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അവസരം നോക്കിയിരിക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകളിലാണ് ഈ വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ല, പാലക്കാട് ജില്ലയിലാണെന്ന് നിരവധി പേര്‍ മനേകയ്ക്ക് മറുപടി നല്‍കിയിട്ടും,
അവര്‍ അത് തിരുത്താന്‍ തയ്യാറായില്ല. മാത്രമല്ല, പിന്നീട് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ മലപ്പുറം എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

”മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ആനയെ കൊലപ്പെടുത്തി, ഹിന്ദുവിന്റെ പുണ്യമൃഗമായ ആനയെ മുസ്ലിങ്ങള്‍ ആസൂത്രിതമായി കൊലപ്പെടുത്തി, ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയില്‍ ആന ആക്രമിക്കപ്പെട്ടു…” തുടങ്ങിയ തലക്കെട്ടിലാണ് ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്.

മലപ്പുറം എന്നാല്‍ മുസ്ലീം ഭീകരത എന്ന ഹിന്ദുത്വ തീവ്രവാദികളുടെ ആഖ്യാനത്തിന് ശക്തി പകരാന്‍ കൂടിയാണ് മനേകയുടെ പരാമര്‍ശം. അതുകൊണ്ടാണ് ആന ചെരിഞ്ഞത് പാലക്കാടാണെന്ന് അറിഞ്ഞിട്ടും തന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന തിരുത്താന്‍ മനേക ഇതുവരെ തയ്യാറാകാത്തതും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനത്തെ ദേശീയതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം പ്രചരണത്തിലൂടെ സംഘപരിവാര്‍ ലക്ഷ്യം.

മനേകയുടെ വിവാദ ട്വീറ്റ് ഇങ്ങനെ: മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനക്കുഞ്ഞ് നിലവില്‍ മര്‍ദനത്തിന് ഇരയാകുന്നുണ്ട്. അത് ഉടന്‍ ചരിയും.’

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനേക മലപ്പുറം ജില്ലയെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല’ എന്നാണ്.

മനേകയുടെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

നടി റിമയുടെ വാക്കുകള്‍:

”ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികള്‍ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മണ്ണാര്‍ക്കാട് ചിലപ്പോള്‍ മലപ്പുറവുമായി തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിമുകളായ ജനങ്ങളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്നത് തെളിവാണ്.

കറുത്തവരുടെ ജീവിതം പ്രധാനമാണ് എന്ന പോസ്റ്റ് ഇടുന്നതിന് മുന്‍പ് നമ്മള്‍ നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും. മൃഗങ്ങളുടെ സുരക്ഷയോ പടക്കം വച്ച് കെണിയൊരുക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയോ ഇവിടുത്തെ പ്രശ്‌നമേ അല്ല ഇപ്പോള്‍. കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്. ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്.”

നടി പാര്‍വതിയുടെ വാക്കുകള്‍:

”ആന ചരിഞ്ഞ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. നിങ്ങളെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു.” മൃഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും പാര്‍വതി ട്വിറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

യുവനടന്‍ നീരജ് മാധവ് പറയുന്നു:

‘ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റുചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല. പക്ഷെ, അതിനെ വെളിയില്‍നിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കിനിക്കില്ല’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here