വിജയ് മല്ല്യയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കില്ല; നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല

വിജയ് മല്ല്യയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു. പഴയ സാഹചര്യത്തില്‍ ഒരു മാറ്റമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നാടുകടത്തല്‍ ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിട്ടില്ല.

പതിനേഴ് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു ഒരു വാര്‍ത്താ ഏജന്‍സി ഇന്നലെ രാത്രി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇനിയും സമയം എടുക്കുമെന്ന് ഒരു മുന്‍ നിര ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മല്യയെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തി ആയിട്ടില്ലെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. പഴയ സാഹചര്യത്തില്‍ ഒരു മാറ്റമുണ്ടായിട്ടില്ലെന്നും നടപടികളില്‍ വൈകലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടുകടത്തല്‍ ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പിടണം. എന്നാല്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇതാണ് വൈകലിന്റെ പ്രധാന കാരണം. ചില നിയമ പ്രശ്‌നങ്ങള്‍ കാരണമാണ് ഒപ്പിടല്‍ വൈകുന്നത്. മല്യയെ നാടു കടത്തുന്നതിനുള്ള തീയതി സംബന്ധിച്ച് ബ്രിട്ടനിലെ മെട്രോ പൊളിറ്റന്‍ പൊലീസിനും വിവരം ലഭിച്ചിട്ടില്ല.

മെട്രോ പോളിറ്റന്‍ പോലീസാണ് ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ച് വിജയ് മല്യയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടത്. ഇങ്ങനെ ഒരു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇക്കാരണങ്ങളാണ് മല്യയെ നാട്ടിലെത്തിക്കാന്‍ വൈകുമെന്ന നിഗമനത്തിന് പിന്നില്‍.

അതേസമയം, മല്യ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കുമെന്ന അഭ്യൂഹം ശക്തമായി. ബ്രിട്ടനിലെ വിവിധ കോടതികളില്‍ ഉള്ള സിവില്‍ കേസുകള്‍ കൂടി ചൂണ്ടിക്കാട്ടിയാകും അപേക്ഷ നല്‍കുക.

ഈ അപേക്ഷ തള്ളിയാലും അപ്പീലുകള്‍ നല്‍കി നാടുകടത്തല്‍ നീട്ടാന്‍ സാധിക്കും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതിനാല്‍ നാടുകടത്തല്‍ ഒഴിവാക്കാന്‍ ഫ്രാന്‍സിലെ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സിനെ സമീപിക്കാനും മല്യയ്ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News