കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഗുജറാത്തില്‍ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്‍, ജിത്തുഭായ് ചൗധരി എന്നീ എംഎല്‍എമാര്‍ രാജി വച്ചു.

മാസങ്ങളുടെ ഇടവേളയില്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് 7 പേര്‍. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടെയായി മാര്‍ച്ചില്‍ അഞ്ച് എംഎല്‍എമാര്‍ രാജി വച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് 2 പേര്‍ കൂടി എം എല്‍ എ സ്ഥാനം രാജി വച്ചത്. കര്‍ജാന്‍ എം എല്‍ എ അക്ഷയ് പട്ടേല്‍, കപ്രദ എം എല്‍ എ ജിത്തുഭായ് ചൗധരി എന്നിവരുടെ രാജി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്വീകരിച്ചു.

രാജിയോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 66 ആയി ചുരുങ്ങി. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

ജൂണ്‍ 19 ന് തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ എന്തായാലും വിജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. ഇതിന് ചുരുങ്ങിയത് 70 വോട്ടുകള്‍ വേണം. എന്നാല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ആ സംഖ്യ ഇല്ല.സ്വതന്ത്ര എം എല്‍ എ ജിഗ്നേഷ് മേവാനിയുടെ പിന്തുണ കൂട്ടിയാലും 67 മാത്രമേ ആകൂ. കൂടുതല്‍ രാജിയും പാര്‍ട്ടിയില്‍ ഉണ്ടായേക്കും.

ഒരു അംഗം കൂടി രാജി വയ്ക്കുമെന്ന് പാര്‍ട്ടി തന്നെ കണക്കാക്കുന്നു. 103 സീറ്റുകളാണ് ബിജെപിക്ക് ഉള്ളത്. രണ്ട് സീറ്റുകള്‍ ഉള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഒരു സീറ്റുള്ള എന്‍ സി പി എന്നിവരെ ബിജെപി ഏറെക്കുറെ വശത്താക്കിയും കഴിഞ്ഞു.

ശക്തി സിംഗ് ഗോഹില്‍, ഭാരത് സോളങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. ഇവരില്‍ ഭാരത് സോളങ്കി പരാജപ്പെടാനാണ് സാധ്യത.

കോണ്‍ഗ്രസ് എം എല്‍ എ മാരെ ചാക്കിട്ട് ഒരു സീറ്റ് കൂടുതല്‍ പിടിക്കാനായി ബിജെപി നേരത്തെ തന്നെ മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കിയിരുന്നു. ഭാരത് സോളങ്കിക്ക് പകരം ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയ നര്‍ഹരി അമീനാകും വിജയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News