തിരുവനന്തപുരം: ലോകമെമ്പാടും കൊവിഡ് ഭീഷണി തുടരുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് കേരള ജയില്‍ വകുപ്പും വകുപ്പിലെ മുഴുവന്‍ ജീവനക്കാരും. കാവല്‍ മാത്രമല്ല കരുതല്‍ കൂടിയാണ് ജയില്‍ വകുപ്പ് എന്ന് പൊതുജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആശങ്കയിലും ഭീതിയിലും ജോലി നോക്കുമ്പോളും പൊതു സമൂഹത്തിന് ആശ്വാസത്തിന്റെ കരങ്ങളാകുവാന്‍ ഈ നാളുകളില്‍ ജയില്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്.. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം, മുരുന്നുകള്‍ , പാഠപുസ്തകങ്ങള്‍, വിഷരഹിത പച്ചക്കറികള്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍, തുടങ്ങി പലരീതിയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രശംസിച്ച ജയിലുകളിലെ മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണം പുതിയ വിപ്ലവമായ് മാറുകയായിരുന്നു. ഈ സാഹചര്യത്തിലും കേരളത്തിലെ ജയിലുകളില്‍ കൊവിഡ് 19 വ്യാപനവുമായ് ബന്ധപ്പെട്ട് സ്വീകരിച്ച മുന്‍കരുതലുകള്‍ ബഹു. സുപ്രീം കോടതി അഭിനന്ദിച്ചതും മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടതും എടുത്ത് പറയേണ്ട ഒന്നാണ്.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് ജയിലുകളായ കണ്ണൂര്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട തടവുകാരില്‍ കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്ന് ജയിലുകളിലെ മുഴുവന്‍ ജീവനക്കാരും കൊറന്റൈനില്‍ പോകേണ്ട സാഹചര്യം കേരളം ആശങ്കയോടെയാണ് കേട്ടത്.
സ്ഥാപന മേധാവി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊറന്റൈന്‍ ചെയ്യുന്നത് പോലും ജയിലുകള്‍ക്കുള്ളില്‍ ഡ്യൂട്ടി നോക്കി കൊണ്ടാണ് എന്നത് സവിശേഷ സാഹചര്യം തന്നെയാണ്. മറ്റുള്ളവര്‍ വീടുകളിലും ആശുപത്രികളിലും കൊറന്റൈന്‍ ചെയ്യുമ്പോളാണ് ജയില്‍ ജീവനക്കാര്‍ ജയിലുകള്‍ക്കുളളില്‍ തന്നെ ഡ്യൂട്ടിയില്‍ കൊറന്റെന്‍ ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരും ജയില്‍ വകുപ്പും പുതിയൊരു ചരിത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവറുകളുടെ നേതൃത്വത്തില്‍ ചരിത്ര ദൗത്യത്തിലാണ് ഇന്ന് കേരളത്തിലെ ജയില്‍ വകുപ്പ് . റിമാന്‍ഡ് ചെയ്യപ്പെടുന്ന മുഴുവന്‍ തടവുകാരെയും ജില്ലാ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ (ഇഎഘഠ) എത്തിക്കുന്നതു മുതല്‍ ജയില്‍ ജീവനക്കാരുടെ വിശ്രമം ഇല്ലാതെയുള്ള പ്രവര്‍ത്തനം തുടങ്ങുകയാണ്.
ഇത്രയും നാള്‍ റിമാന്‍ഡ് തടവുകാരെ ജയിലുകളിലാണ് അഡ്മിഷന്‍ എടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് സെന്ററുകളിലാണ് പ്രതികളെ എത്തിക്കുന്നത്. അഡ്മിഷന്‍ എടുക്കുന്നത് മുതല്‍ കൊവിഡ് ടെസ്റ്റ് നടത്തി റിസള്‍ട്ട് വരുന്നത് വരെയുള്ള യുദ്ധസമാനമായ വിവിധ ഘട്ടങ്ങള്‍ക്കാണ് ജയില്‍ ജീവനക്കാര്‍ നേതൃത്വം നല്‍കുന്നത്. ഈ സെന്ററുകളുടെ നിയന്ത്രണം പൂര്‍ണ്ണമായും ജയില്‍ ഉദ്യോഗസ്ഥരാണ് നിര്‍വ്വഹിക്കുന്നത്.
കൊവിഡ് റിസള്‍ട്ട് നെഗറ്റീവ് ആകുന്നവ തടവുകാരെ ജയിലുകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും റിസള്‍ട്ട് പൊസിറ്റീവ് ആകുന്നവരെ കൊവിഡ് ആശുപത്രികളിലേക്കും ജയില്‍ വകുപ്പിലെ ജീവനക്കാരുടെ എസ്‌കോര്‍ട്ടില്‍ മാറ്റുന്നു.ഓരോ തടവുകാരനും പ്രത്യേകം കരുതലാണ് ജീവനക്കാര്‍ നല്‍കുന്നത്.
തുടര്‍ച്ചയായ ഡ്യൂട്ടിയും തുടര്‍ന്നുള്ള കോറന്റൈന്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ഓരോ ജീവനക്കാരനും തങ്ങളുടെ വീട്ടിലേക്ക് പോകുവാന്‍ സാധിക്കൂ. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് കേരളത്തിലെ ജയില്‍ വകുപ്പും ജീവനക്കാരും .

Get real time update about this post categories directly on your device, subscribe now.