ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച്, തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

39 പേരാണ് ഇന്ന് രോഗമുക്തരായത്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച്, തൃശൂര്‍, വയനാട് രണ്ട് വീതം, തിരുവനന്തപുരം, പത്തനംതിട്ട ഓരോ രോഗികളുമാണ് രോഗമുക്തരായത്.

മൂന്നു പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ടുതവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,68,578 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1487 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 225 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എയര്‍പോര്‍ട്ട് വഴി 38,945 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,11,592 പേരും റെയില്‍വേ വഴി 14,450 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,66,608 പേരാണ് എത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3787 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 76,383 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 72,139 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 18,146 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുന്‍സിപ്പാലിറ്റി, തില്ലങ്കരി, ആന്തൂര്‍ മുന്‍സിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടക്കല്‍, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here