കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണവും അവരുടെ യാത്രയ്ക്ക് വേണ്ടി ഒരുക്കുന്ന ക്രമീകരണങ്ങളും വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിഥി തൊഴിലാളി വിഷയത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. ഇത് പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള അതിഥി തൊഴിലാളികളില്‍ പകുതിയിലേറെ പേര്‍ കേരളത്തില്‍ തന്നെ തുടരാന്‍ താല്‍പര്യം അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം ഇപ്പോഴും 2. 81 ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവരില്‍ 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് അറിയിച്ചതായി സര്‍ക്കാര്‍ പറഞ്ഞു. 1.2 ലക്ഷം തൊഴിലാളികള്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്നു. ഇവര്‍ക്കായി ട്രെയിനുകള്‍ ഷെഡ്യുള്‍ ചെയ്തുവെന്നും കേരളം വ്യക്തമാക്കി.112 ട്രെയിനുകളില്‍ 1.53 ലക്ഷം തൊഴിലാളികള്‍ നാട്ടിലേക്ക് പോയതായും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലഭിക്കുന്ന സുരക്ഷ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് എന്നിവയാണ് തൊഴിലാളികള്‍ കേരളത്തില്‍ തുടരാന്‍ താല്പര്യപ്പെടുന്നതിന്റെ പ്രധാന കാരണം. തൊഴില്‍ വകുപ്പും വിവിധ ജില്ലാ ഭരണകൂടങ്ങളും ഫീല്‍ഡ് സര്‍വേ നടത്തിയാണ് കണക്കെടുപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടന്നില്ല. ജീവഹാനി ഉണ്ടായില്ല. അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്. അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്ത രീതിക്ക് കേരളം വ്യാപകമായി പ്രശംസിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വിഭജിച്ച് വഹിക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാ ചെലവ് വഹിക്കുക കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനോട് തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കാന്‍ നിര്‍ദേശിക്കണം എന്നും കേരളം ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.