ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യത: പിണറായി വിജയന്‍ എ‍ഴുതുന്നു

ജൈവ വൈവിധ്യമാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യതയാണ്.

മനുഷ്യന്റെ ഇടപെടലിൽ ജൈവ വൈവിധ്യങ്ങൾക്ക് നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവർഷം, ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂവൽക്കരണം, കൊടുംവരൾച്ച ഇങ്ങനെ അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു. ഇവ ബാധിക്കുന്നതിന് രാജ്യാതിർത്തികൾ തടസ്സമാകുന്നില്ല.

ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് പ്രധാനപ്രശ്നം. ഈ പരിസ്ഥിതി ദിനത്തിൽമാത്രം ചർച്ച ചെയ്യേണ്ടുന്ന ഒന്നല്ല അത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ൽ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ പരിസ്ഥിതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചിരുന്നു. സമഗ്രമായ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനായുള്ള സമീപനമാണ് അത്.

പ്രകടനപത്രിക ഇങ്ങനെ പറയുന്നു: ‘പരിസ്ഥിതി സൗഹൃദ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ നീർത്തടാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കും.

വനം, കണ്ടൽക്കാടുകൾ, കാവുകൾ, നദീതീര സ്വാഭാവിക സസ്യജാലങ്ങൾ എന്നിവ സംരക്ഷിക്കും. വനസംരക്ഷണത്തോടൊപ്പം വനവൽക്കരണത്തിനും ഹരിതവൽക്കരണത്തിനും ഊന്നൽ’. കഴിഞ്ഞ നാലുവർഷം എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയത് ഈ വാഗ്ദാനങ്ങളാണ്.

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിന്റെ ആവശ്യം. പ്രളയാനന്തര നവകേരള നിർമാണത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സ്വാഭാവിക നിലനിൽപ്പുകളെ മാനിച്ചുകൊണ്ടുള്ള ഒരു വികസന സമീപനത്തിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണം കേവലം യാന്ത്രികമായി നടക്കേണ്ടതല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലെ ഇണക്കം ക്രിയാത്മകമാക്കുന്ന പ്രക്രിയയാണത്. വരുംതലമുറകൾക്കുവേണ്ടികൂടിയുള്ളതാണ് ഭൂമി. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ തെളിനീരും കഴിക്കാൻ പോഷകസമൃദ്ധിയുള്ള ഭക്ഷണവും ഉറപ്പാക്കുന്നതിനുകൂടിയാകണം നമ്മുടെ ശ്രമങ്ങൾ.

ജൈവ വൈവിധ്യ സംരക്ഷണത്തിന്റ അനിവാര്യത ഉദ്ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന പ്രവണതകൾക്കെതിരായ അവബോധമുണർത്തുന്നതുകൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിന്റെ ഹരിത കേരളം മിഷൻ അത്തരമൊരു മുൻകൈയാണ്.

എൽഡിഎഫ് സർക്കാർ പാരിസ്ഥിതികമേഖലയിൽ മുന്നോട്ടുവയ്ക്കുന്ന വികസനബദലിന്റെ ആഴവും ദീർഘവീക്ഷണവും ഉയർത്തിപ്പിടിക്കുന്ന ദൗത്യമാണ് മിഷന്റേത്. കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന് അതിന്റെ മാർഗരേഖ വ്യക്തമാക്കുന്നു.

ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക സമനില വീണ്ടെടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ്.

പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ചൈതന്യവത്താക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനംപോലെയുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രാദേശിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വച്ചുപിടിപ്പിക്കുന്നതും ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

ഇതിന്റെ ഭാഗമായി കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവൽക്കരണവകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രധാനമായും തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. 2016–-17ൽ 86 ലക്ഷം വൃക്ഷത്തൈ ഇങ്ങനെ കേരളത്തിൽ നട്ടു. തുടർന്നുള്ള വർഷങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്ന പദ്ധതി നടപ്പാക്കി.

തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവൽക്കരണ പ്രവർത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി, ജൈവ വൈവിധ്യം സംരക്ഷിക്കാൻ ഉതകുന്ന വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ജൈവവേലിയടക്കം സ്ഥാപിച്ച് പരിപാലിക്കുകയും ചെയ്യുന്നതാണ് പച്ചത്തുരുത്ത്.

കാവുകളുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണവും പച്ചത്തുരുത്ത് പദ്ധതിയിൽ ഉൾപ്പെടും. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, കോട്ടയം ജില്ലയിലെ എലിക്കുളം എന്നിവ എല്ലാ വാർഡിലും പച്ചത്തുരുത്തുകൾ സ്ഥാപിച്ച് സമ്പൂർണ പച്ചത്തുരുത്ത് പഞ്ചായത്തുകളായി മാറി. ഈ മാസം തിരുവനന്തപുരം ജില്ല എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് സ്ഥാപിക്കുന്ന ആദ്യത്തെ സമ്പൂർണ പച്ചത്തുരുത്ത്‌ ജില്ലയായി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട്ട്‌ നീർമാതളം നട്ടായിരുന്നു തുടക്കം. 370 തദ്ദേശ സ്ഥാപനങ്ങളിലായി 536 ഏക്കറിൽ 627 പച്ചത്തുരുത്തുകൾ നിലവിൽ വന്നു. ഈ മാസം അത് ആയിരമായി മാറും. ഫലവൃക്ഷങ്ങൾ, ഔഷധവൃക്ഷങ്ങൾ തുടങ്ങി ഓരോ പ്രദേശത്തെയും ജൈവ വൈവിധ്യം സംരക്ഷിച്ചുകൊണ്ടുള്ള വൃക്ഷങ്ങളാണ് പച്ചത്തുരുത്തുകളിൽ വളരുക.

പ്രകൃതിക്ഷോഭങ്ങൾ ആവർത്തിക്കുമ്പോൾ കേരളത്തിന്റെ ദുരന്ത പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സമഗ്രവും കാര്യക്ഷമവും ആകേണ്ടതുണ്ട്. ഇതിനായി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ കാലയളവിനുള്ളിൽ നാല്‌ ദുരന്തങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ജനതയാണ് നമ്മുടേത്.

രണ്ടു പ്രളയം, ഒരു ചുഴലിക്കാറ്റ്, നിപാ വൈറസ് ബാധ എന്നിവയാണ് കേരളത്തെ പിടിച്ചുലച്ചത്. അസൂയാവഹമായ ഒരുമയോടെയാണ് അതിനെയൊക്കെ നാം നേരിട്ടത്. ഇവയിൽ ഏറ്റവും വലിയ ആഘാതം നമുക്കുണ്ടായത് 2018ൽ സംഭവിച്ച നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തെതുടർന്നാണ്. അതിൽനിന്ന്‌ വളരെ പെട്ടെന്ന് നാം കരകയറിയെങ്കിലും പ്രളയത്തിൽ തകർന്നുപോയ കേരളത്തെ പുനർനിർമിക്കുക എന്ന വലിയ ദൗത്യം നമുക്ക് പൂർത്തിയാക്കേണ്ടതുണ്ട്.

അതിനിടയിലാണ് കോവിഡ്–- 19 മഹാമാരി വന്നത്. ലോകത്തിന്റെയാകെ ഗതി മാറ്റിമറിക്കുന്ന കോവിഡിനെതിരായ പോരാട്ടത്തിലാണ് ഇന്ന് നാം. മനുഷ്യന്റെ അവശ്യസർവീസുകൾ ഒഴിച്ച് വ്യാവസായിക, വാണിജ്യ, ഗതാഗത പ്രവർത്തനങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു. കാർഷികമേഖലയിൽ സ്തംഭനമുണ്ടായി. ജനങ്ങളുടെ വരുമാനം നിലച്ചു.

ലോകമഹായുദ്ധങ്ങളുടേതിന് താരതമ്യം ചെയ്യാവുന്ന ആഘാതമാണ് കൊറോണ വൈറസ് മനുഷ്യരാശിക്കുമേൽ ഏൽപ്പിച്ചത്. ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകൾ അതിനനുസൃതമായതുകൂടിയാകണം.

ഈ വർഷം ഒരുകോടി ഒമ്പതുലക്ഷം വൃക്ഷത്തൈ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. അഞ്ചിന് 81 ലക്ഷം തൈ നടും. ജൂലൈ ഒന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈ നടും. കൃഷിവകുപ്പും വനംവകുപ്പും ചേർന്നാണ് തൈകൾ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ 12 ലക്ഷം തൈ ഒരുക്കി. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ‘ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ’ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കോവിഡാനന്തര കേരളം ഭക്ഷ്യസുരക്ഷയിൽ പിന്നോക്കം പോകരുത് എന്ന കാഴ്ചപ്പാടാണ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സർക്കാരിനെ നയിച്ചത്. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, ഉൽപ്പാദന വർധനയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന–- മത്സ്യബന്ധന മേഖലകൾ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്കായി അടുത്ത ഒരുവർഷം 3680 കോടി രൂപയാണ് ചെലവിടുക. തീർച്ചയായും കേരളത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാന സംഭാവന ഈ പദ്ധതിക്ക് നൽകാനാകും.

പ്രകൃതിവിഭവങ്ങൾ ആവശ്യത്തിനുമാത്രം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയുമാണ് നാം മുന്നോട്ടുപോകുന്നത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനും ജൈവ വൈവിധ്യത്തിലുള്ള ആഘാതം കുറച്ചുകൊണ്ടുവരാനും നമുക്ക് കഴിയുന്നു. ഖരമാലിന്യങ്ങളുടെ ശേഖരണവും അതിന്റെ സംസ്കരണവും നമുക്ക് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ മാലിന്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നായി നാം കാണുന്നു. ലോക്‌ഡൗൺ വേളയിൽ ശുചീകരണപ്രവർത്തനങ്ങൾ ജനങ്ങളാകെ ഏറ്റെടുത്തത് ഈ രംഗത്തെ കേരളത്തിന്റെ മറ്റൊരു മുൻകൈയാണ്. വെല്ലുവിളികൾക്കു മുന്നിൽ പതറിനിൽക്കുകയല്ല നാം. അവ മറികടന്ന് മുന്നേറാൻ സർവ കരുത്തും സമാഹരിക്കുകയാണ്. ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി വൃക്ഷവേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണ്. ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള കേരളത്തിന്റെ ഈടുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News