‘ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’; ഇന്ന് ലോക പരിസ്ഥിതി ദിനം

‘ഭൂമിക്ക്‌ കുട ചൂടാൻ ഒരു കോടി മരങ്ങൾ’ എന്ന ശീർഷകത്തിൽ കേരളം ലോക പരിസ്ഥിതിദിനം ആഘോഷിക്കും. 1.09 കോടി വൃക്ഷത്തൈ നടും. പരിസ്ഥിതി ദിനത്തിൽ 81 ലക്ഷവും പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജൂലൈ ഒന്നുമുതൽ ഏഴുവരെ 28 ലക്ഷം തൈകളുമാണ്‌ നടുക.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ. വെള്ളിയാഴ്‌ച പകൽ മൂന്നിന്‌ സെക്രട്ടറിയറ്റ്‌ ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ അധ്യക്ഷനാകും.

പദ്ധതിയുടെ ഭാഗമായി 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യും. പൊതുസ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കും. കാർഷിക സർവകലാശാല, തദ്ദേശസ്വയംഭരണ, വനം, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌.

തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ, മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വീട്ടുവളപ്പുകൾ, സ്കൂൾ പരിസരം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.

വനംവകുപ്പ്‌ വ്യാഴാഴ്‌ച 57.7 ലക്ഷം വൃക്ഷത്തൈ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം കുടപ്പനക്കുന്ന്‌ ദൂരദർശൻ അങ്കണത്തിൽ വനംമന്ത്രി കെ രാജു നിവഹിക്കും. മുഴുവൻ പൊലീസ്‌ സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം പരിസ്ഥിതി ദിനത്തിൽ നടാൻ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർക്ക്‌ നിർദേശം നൽകി. ബറ്റാലിയനുകളിലും എആർ ക്യാമ്പുകളിലും 100 വൃക്ഷത്തൈ നടും.

ഫലവൃക്ഷത്തൈ നടീൽ ഇന്ന്‌

പരിസ്ഥിതി ദിനത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥനതല ഉദ്‌ഘാടനം ഇ എം എസ്‌ അക്കാദമിയിൽ വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർവഹിക്കും.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയോട്‌ ഐക്യപ്പെട്ടാണ്‌ സിപിഐ എം പരിപാടി സംഘടിപ്പിക്കുന്നത്‌. ജില്ലാ ഏരിയാ തലങ്ങളിലും നടീൽ ഉദ്‌ഘാടനം നടക്കും. തൈകളുടെ പരിപാലനവും പാർടി അംഗങ്ങളും ഘടകങ്ങളും ഏറ്റെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here