മൊറട്ടോറിയം; റിസര്‍വ് ബാങ്ക് പറയാതെ പറയുന്ന സത്യങ്ങള്‍

കൊവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൊറട്ടോറിയം ഇടപാടുകാര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ സാമ്പത്തികബാധ്യത. പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ) തിരിച്ചടവിന് സാവകാശം ലഭിക്കുമെന്നല്ലാതെ, ഇക്കാലത്തെ പലിശ ഒഴിവാകുന്നില്ല എന്നതാണ് കാരണം.

മൊറട്ടോറിയം ലഭിക്കുന്ന ഓരോ മാസത്തെയും പലിശകൂടി തൊട്ടടുത്ത മാസംതന്നെ മുതലിനോട് ചേര്‍ക്കുകയും അതുകൂടി ചേര്‍ത്ത് അടുത്തമാസം പലിശ കണക്കാക്കുകയും ചെയ്യും.

വായ്പയെടുത്തവര്‍ക്ക് അധിക ബാധ്യതയാണ് ഇതിലൂടെ വരുന്നത്. റിസര്‍വ് ബാങ്ക് ഒന്നാംഘട്ടത്തില്‍ 2020 മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം നല്‍കാനാണ് ബാങ്കുകളോട് നിര്‍ദേശിച്ചത്.

രണ്ടാംഘട്ടത്തില്‍ അത് വീണ്ടും മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ആഗസ്ത് 31 വരെയാക്കി.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ കണക്കനുസരിച്ച് 30 ലക്ഷം രൂപ ഭവനവായ്പയെടുത്ത, 15 വര്‍ഷം തിരിച്ചടവ് കാലാവധി ബാക്കിയുള്ള ഒരാള്‍ മൂന്നുമാസത്തെ മൊറട്ടോറിയം സ്വീകരിച്ചാല്‍ 2.34 ലക്ഷം രൂപ അധികമായി അടയ്‌ക്കേണ്ടിവരും.

ഏതാണ്ട് എട്ട് ഇഎംഐക്കുതുല്യമായ തുകയാണിത്. ആറുമാസത്തെ മൊറട്ടോറിയം സ്വീകരിച്ചാല്‍ അധികമായി അടയ്‌ക്കേണ്ടിവരുന്നത് 4.54 ലക്ഷം രൂപയാണ്; ഏതാണ്ട് 16 ഇഎംഐക്കുതുല്യമായ തുക. ഇത്തരത്തില്‍ വായ്പത്തുകയും ശേഷിക്കുന്ന കാലാവധിയും ഇഎംഐയും പലിശനിരക്കും വര്‍ധിക്കുന്നതിന് അനുസരിച്ച് അധികബാധ്യതയും വര്‍ധിക്കും.

ഫലത്തില്‍ റിസര്‍വ് ബാങ്കിന്റെ മൊറട്ടോറിയംകൊണ്ട് വായ്പയെടുത്തവര്‍ക്കുള്ള നേട്ടം മാര്‍ച്ച് ഒന്നുമുതല്‍ ആഗസ്ത് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ ഈടാക്കുകയില്ല എന്നതുമാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News