അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍ ചൊവ്വാഴ്ച ഉത്തരവിടും.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാണ് അതിഥി തൊഴിലാളികളുടെ മടക്കം അനിശ്ചിതമായി നീളരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. 15 ദിവസത്തിനകം മുഴുവന്‍ തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്ന് കോടതി പറഞ്ഞു.

ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം. ഇതിനായി മടങ്ങുന്ന തൊഴിലാളികള്‍ക്ക് വേണ്ടി രജിസ്ട്രേഷന്‍ സൗകര്യം വേണമെന്നും കോടതി നിര്‍ദേശിച്ചു. മടങ്ങി എത്തിയവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വേണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനും സൗകര്യം ഒരുക്കണം. ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ തൊഴിലാളികള്‍ക്ക് കൗണ്‌സിലിംഗ് നടത്തണമെന്നും കോടതി പറഞ്ഞു.

കേസില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിടും. 90 ശതമാനം തൊഴിലാളികളെയും നാട്ടില്‍ എത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശ്രമിക് ട്രെയിനുകളിലുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ട മുന്‍ നിലപാട് കേന്ദ്രം കോടതിയിലും ആവര്‍ത്തിച്ചു. വെള്ളം, ഭക്ഷണം, ചികിത്സ എന്നിവ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

എല്ലാവരുടെയും മരണം മുന്‍പ് ഉണ്ടായിരുന്ന അസുഖങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളുടെ ക്വാറന്റീന്‍ നിലവിലുള്ള മാര്‍ഗ നിര്‍ദേശ പ്രകാരം തുടരാന്‍ അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തൊഴിലാളികളുടെ ബസ്, ട്രെയിന്‍ യാത്രാ ചെലവ് സംസ്ഥാനങ്ങള്‍ വിഭജിച്ച് വഹിക്കണമെന്ന മുന്‍ ഉത്തരവ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിപ പോലെയുള്ള സാഹചര്യങ്ങള്‍ മുന്‍പ് നേരിടേണ്ടി വന്നു. സര്‍ക്കാര്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ ടിക്കറ്റ് തുക റെയില്‍വേയോട് വഹിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here