ഇന്ന് 111 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 22 പേര്‍ക്ക് രോഗമുക്തി; സ്ഥിതി രൂക്ഷം, ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്, അപകടാവസ്ഥയുടെ ഗൗരവം മനസിലാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 48 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്ട് മാത്രം 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 18 പേര്‍ക്കാണ് കൊവിഡ്. പത്തനംതിട്ടയില്‍ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം: 10, തൃശൂര്‍: എട്ട്, തിരുവനന്തപുരം: അഞ്ച്, ആലപ്പുഴ: അഞ്ച്, കോഴിക്കോട്: നാല്, ഇടുക്കി: മൂന്ന്, കൊല്ലം: രണ്ട്, വയനാട്: മൂന്ന്, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതവുമാണ് രോഗികളുടെ എണ്ണം.

22 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയില്‍ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശൂരില്‍ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസര്‍ഗോഡ് ഏഴുപേരുമാണ് ഇന്ന് രോഗമുക്തി നേടിയത്.

247 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പുതിയ ഹോട്ടുസ്‌പോര്‍ട്ടുകളുണ്ട്. വയനാട് മൂന്ന്, കണ്ണൂര്‍, കോഴിക്കോട് ഓരോന്ന് വീതവുമാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനം ആയെന്നും മുഖ്യമന്ത്രി അറിയിച്ചു. പതിനാലായിരം പരിശോധന കിറ്റുകള്‍ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരില്‍ ഏറ്റവും അധികം വൈറസ് ബാധ ഉണ്ടായത് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരിലാണ്. ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും. പൊതു ഗതാഗതം തുറന്ന് കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത അത്യാവശ്യമാണ്. അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണം.

ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം പ്രോട്ടോകോള്‍ ഉണ്ടാക്കും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കണം. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും അതിന് ഉപേക്ഷ ആരും കരുതരുത്. കേരളീയരുടെ ശുചിത്വ ബോധം കൂടുതല്‍ നന്നായി ഉള്‍ക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News